ന്യൂദല്‍ഹി- കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സുപ്രീം കോടതി ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകരും ദല്‍ഹിയില്‍ കൈകോര്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് സുപ്രീം കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന സംഗീത പരിപാടിയില്‍ മുതിര്‍ന്ന ജഡ്ജിമാരും പങ്കെടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് മുഖ്യാതിഥി. കഴിഞ്ഞ മാസം സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച മലയാളി കൂടിയായ ജസ്റ്റിസ് കെ. എം ജോസഫ് ഈ പരിപടായില്‍ രണ്ടു ഗാനങ്ങള്‍ ആലപിക്കും. ഒരു മലയാള ഗാനവും ഒരു ഹിന്ദി ഗാനവുമായിരിക്കും ജസ്റ്റിസ് ജോസഫ് ആലപിക്കുകയെന്ന് എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മുതിര്‍ന്ന ജഡ്ജി പൊതുവേദിയില്‍ പാടുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ ലോ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. പിന്നണി ഗായകന്‍ മോഹിത് ചൗഹാന്റെ ആലാപനവും യുവ നര്‍ത്തകി കീര്‍ത്തന ഹരീഷിന്റെ നൃത്തവും ഉണ്ടാകും. സുപ്രീം കോടതി റിപോര്‍ട്ടര്‍ കൂടിയായ ഭദ്ര സിന്‍ഹ, ഗൗരിപ്രിയ എസ് എന്നിവരുടെ ഭരതനാട്യവുമുണ്ടാകും.