മാധ്യമപ്രവർത്തനരംഗത്ത് വളരെ പോസിറ്റിവായ മാറ്റമാണ് വന്നിരിക്കുന്നത്. കുറച്ചുകൂടി ലൈവായിരിക്കുന്നു. എന്നാൽ മത്സരമാകുമ്പോൾ വാർത്തകൾക്ക് കൃത്യതയും വ്യക്തതയും നഷ്ടമാകുന്നതായി തോന്നിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസുകളും എക്‌സിക്ലൂസീവുകളുമാണ് പലർക്കും വേണ്ടത്. വാർത്തകളെ പൊലിപ്പിച്ചു കാട്ടുന്നതിൽ യോജിപ്പില്ല. പല വാർത്തകൾക്കും തുടർച്ചയുണ്ടാകുന്നില്ല എന്നതും പോരായ്മയാണ്.ഭാഷയെ കൊല്ലുന്ന തരത്തിലുള്ള വായനയാണ് ഇന്ന് കാണുന്നത്. ഞങ്ങളുടെ കാലത്ത് ശരിയായ ഉച്ചാരണം നിർബന്ധമായിരുന്നു. സ്ഥലനാമങ്ങളും വ്യക്തികളുടെ പേരുകളുമെല്ലാം തെറ്റാതെ ഉച്ചരിക്കാൻ നിരന്തരം ശ്രമിക്കുമായിരുന്നു.
മലയാളി എന്നും ഹൃദയത്തോടു ചേർത്തുനിർത്തിയ നാമമായിരുന്നു ദൂരദർശൻ വാർത്താ വായനക്കാരിയായ ഹേമലതയുടേത്. ഒരു കുടുംബാംഗത്തെപ്പോലെ എന്നും ചിരിക്കുന്ന മുഖവുമായി ഒരുപാട് വിശേഷങ്ങൾ നമ്മോട് പങ്കുവെച്ച അവതാരക. മുപ്പത്തൊമ്പതു വർഷക്കാലത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിന് വൈകിട്ട് ഏഴു മണിക്കുള്ള വാർത്തയും വായിച്ചതിനു ശേഷമാണ് അവർ ദൂരദർശന്റെ പടികളിറങ്ങിയത്. മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി മലയാളത്തിലെ ആദ്യത്തെ വാർത്താ അവതാരക ഇനി വിശ്രമ ജീവിതത്തിലേയ്ക്ക്...
ഒടുവിലായി തന്റെ വിരമിക്കൽ വാർത്ത കൂടി പ്രേക്ഷകരുമായി പങ്കുവെച്ചാണ് അവർ വിട വാങ്ങിയത്. മലയാളികളോട് നേരിട്ട് വിട പറയാനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു ദൂരദർശൻ. ഈ വാർത്താ ബുള്ളറ്റിനോടെ ഈ കേന്ദ്രത്തിൽനിന്നുള്ള സംപ്രേഷണം അവസാനിക്കുന്നു എന്നുപറഞ്ഞ് നാലു പതിറ്റാണ്ടോളം നീണ്ട ദൂരദർശനുമായുള്ള ആത്മബന്ധം അവസാനിപ്പിക്കുകയായിരുന്നു അവർ. 1985 ജനുവരി മൂന്നിന് ആരംഭിച്ച വാർത്താ യാത്രയ്ക്ക് വിരാമമാകുമ്പോൾ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ പദവിയിലെത്തിയിരുന്നു ഈ മാധ്യമ പ്രവർത്തക.
ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷൻ സ്‌ക്രീനിനു മുന്നിലിരുന്ന് ചിത്രഗീതവും ശക്തിമാനും ഞായറാഴ്ച ചലച്ചിത്രവും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാറ്റടിച്ചാലും മഴ പെയ്താലും പണിമുടക്കിയിരുന്ന കാലത്ത് വീടിനു മുകളിലായി ഉയർത്തിയിരുന്ന ആന്റിനയുടെ ദിശ തിരിച്ചു വെച്ചാണ് ടെലിവിഷൻ പ്രവർത്തിപ്പിച്ചിരുന്നത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയുമെല്ലാം പ്രചാരത്തിലെത്താതിരുന്ന ഇങ്ങനെയൊരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ടെലിവിഷൻ തന്നെ ഒരു അപൂർവ വസ്തുവായിരുന്ന അക്കാലത്ത് വാർത്ത കേൾക്കാനും സിനിമ കാണാനുമെല്ലാം നാടു മുഴുവൻ ഈ ചതുരപ്പെട്ടിക്കു ചുറ്റും അണിനിരന്നു. ഹിന്ദിയും ഇംഗ്ലീഷും മാത്രം സംസാരിച്ചിരുന്ന മനുഷ്യർ. 1985 ജനുവരി ഒന്നാം തീയതിയാണ് മലയാളം സംസാരിച്ചു തുടങ്ങിയത്. മൂന്നാം പക്കമായിരുന്നു ഹേമലതയുടെ വാർത്താവായന. മലയാളികളുടെ മനസ്സിൽ ഇടംനേടിയ നിരവധി പേർ അക്കാലത്ത് ദൂരദർശനിലുണ്ടായിരുന്നുവെങ്കിലും അവരിൽ ഭാഷാശുദ്ധിയിലും അവതരണത്തിലും തെളിമയുണ്ടായിരുന്നത് ഹേമലതയുടെ വാർത്താ അവതരണത്തിനായിരുന്നു. ആ ഓർമമ്മത്താളുകളിലേയ്ക്ക് ഒരിക്കൽ കൂടി അവർ നടന്നുപോവുകയാണ്.
ഞങ്ങളുടെ തുടക്കകാലത്ത് മാധ്യമ പ്രവർത്തനം മത്സരങ്ങളോ അനുകരണങ്ങളോ ഇല്ലാത്തതായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു അക്കാലത്തെ രീതി. പൊടിപ്പും തൊങ്ങലുകളുമില്ലാത്ത പത്രപ്രവർത്തനമായിരുന്നു അന്നത്തേത്. മാധ്യമ പ്രവർത്തനത്തെ ബിസിനസായി കാണാതെ സേവനമായി പരിഗണിക്കുന്ന ഒരു നിലയുണ്ടാകണം.
ബിരുദ പഠനം മാത്‌സിലായിരുന്നു. എങ്കിലും ചെറുപ്പം മുതലേ കൃത്യമായി പത്രം വായിക്കുമായിരുന്നു. വാർത്തകളറിയാനുള്ള താൽപര്യവുമുണ്ടായിരുന്നു. ആകാശവാണിയിലൂടെയാണ് ദൂരദർശനിലേയ്ക്ക് ആളുകളെ ആവശ്യമുണ്ടെന്ന് അറിഞ്ഞത്. പരസ്യം കണ്ടയുടനെ അപേക്ഷ അയയ്ക്കാൻ പറഞ്ഞത് അമ്മയാണ്. അഭിമുഖത്തിനു ശേഷമാണ് ദൂരദർശനിലെത്തിയത്.
മറ്റു ചാനലുകളിലേയ്ക്ക് ചേക്കേറാൻ അവസരങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും തുടങ്ങിയത് ദൂരദർശനിലായിരുന്നു. ഇന്നു കാണുന്ന ഹേമലതയായതും ആളുകൾ എന്നെ തിരിച്ചറിഞ്ഞതുമെല്ലാം ദൂരദർശനിലൂടെയാണ്. അതുകൊണ്ടാണ് ഇവിടംവിട്ട് മറ്റെങ്ങും പോകാൻ തോന്നാതിരുന്നത്. പണം മാത്രം ലക്ഷ്യമാക്കിയുള്ള ചാനൽ ചാഞ്ചാട്ടത്തോട് യോജിപ്പുണ്ടായിരുന്നില്ല. വിശ്വാസ്യതയാണ് പ്രധാനമായി തോന്നിയത്.
സ്‌നേഹാന്വേഷണങ്ങളും കുശലം പറച്ചിലുകളുമായി നിരവധി കത്തുകളാണ് ദൂരദർശനിലെത്തിയിരുന്നത്. പുറത്തൊക്കെ പോകുമ്പോൾ ആളുകൾ കാണിക്കുന്ന സ്‌നേഹപ്രകടനം പറയേണ്ടതു തന്നെയാണ്. ആളുകൾ അടുത്തു വന്ന് സംസാരിക്കും. ഒരിക്കൽ കുറെ സ്‌കൂൾ കുട്ടികൾ ദൂരദർശൻ കാണാൻ വന്നിരുന്നു. ഒന്നു തൊട്ടുനോക്കട്ടെ എന്നു ചോദിച്ച് എന്നെ തൊടുകയായിരുന്നു. പുറത്തു പോകുമ്പോഴൊക്കെ ആളുകൾ സ്‌നേഹത്തോടെ സമീപിച്ച് സംസാരിക്കാറുണ്ട്.
മാധ്യമ പ്രവർത്തന രംഗത്ത് വളരെ പോസിറ്റിവായ മാറ്റമാണ് വന്നിരിക്കുന്നത്. കുറച്ചുകൂടി ലൈവായിരിക്കുന്നു. എന്നാൽ മത്സരമാകുമ്പോൾ വാർത്തകൾക്ക് കൃത്യതയും വ്യക്തതയും നഷ്ടമാകുന്നതായി തോന്നിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസുകളും എക്‌സിക്ലൂസീവുകളുമാണ് പലർക്കും വേണ്ടത്. വാർത്തകളെ പൊലിപ്പിച്ചുകാട്ടുന്നതിൽ യോജിപ്പില്ല. പല വാർത്തകൾക്കും തുടർച്ചയുണ്ടാകുന്നില്ല എന്നതും പോരായ്മയാണ്.
ഭാഷയെ കൊല്ലുന്ന തരത്തിലുള്ള വായനയാണ് ഇന്ന് കാണുന്നത്. ഞങ്ങളുടെ കാലത്ത് ശരിയായ ഉച്ചാരണം നിർബന്ധമായിരുന്നു. സ്ഥലനാമങ്ങളും വ്യക്തികളുടെ പേരുകളുമെല്ലാം തെറ്റാതെ ഉച്ചരിക്കാൻ നിരന്തരം ശ്രമിക്കുമായിരുന്നു. ഇന്ന് പല ചാനലുകളിലും വാർത്ത വായിക്കുന്നതു കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പഠനത്തിലെ പാളിച്ചയാണോ ചാനലുകളുടെ ഉദാസീനതയാണോ എന്ന് അറിഞ്ഞുകൂടാ. സ്‌റ്റേഷൻ ഡയറക്ടറായിരുന്ന കുഞ്ഞികൃഷ്ണൻ സാർ പറഞ്ഞിരുന്ന ചില നിർദേശങ്ങളുണ്ട്. വാർത്ത വായിക്കുന്നയാൾ വികാരങ്ങൾക്ക് കീഴ്‌പ്പെടരുതെന്ന്. നിസ്സംഗതയോടെയാവണം വാർത്തയെ സമീപിക്കേണ്ടത്. മരണവാർത്ത വായിക്കുമ്പോൾ സങ്കടം വേണ്ട. മത്സര വിജയങ്ങളിൽ അതിശയോക്തിയും പാടില്ല. ഇത്തരം നിർദേശങ്ങൾ പാലിച്ചായിരുന്നു ഞങ്ങൾ വാർത്ത വായിച്ചിരുന്നത്.
വാർത്തയേയും ചാനലിനേയും ലൈവാക്കുന്നത് ചർച്ചകളാണ്. അവതാരകർക്ക് അറിവ് പ്രകടിപ്പിക്കാനും കൂടുതൽ അറിയാനുമുള്ള അവസരമാണ് ചാനൽ ചർച്ചകളിലൂടെ ലഭിക്കുന്നത്. എന്നാൽ ഇത്തരം ചർച്ചകളുടെ പോരായ്മ എന്നു പറയുന്നത് വെറുതെ സമയം കളയാൻ വേണ്ടി മാത്രം എന്തെങ്കിലും വിഷയം സ്വീകരിക്കുന്നതിലും ചർച്ചകളിൽ പങ്കെടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലും അവർക്ക് പറയാനുള്ളത് കേൾക്കാൻ തയാറാവാതിരിക്കുകയും ചെയ്യുന്നു എന്നതാണ്.
ഇത്രയും ചാനലുകൾക്ക് ഇവിടെ ഇടമുണ്ടോ എന്ന കാര്യത്തിൽ അത്ഭുതമാണുള്ളത്. ജനങ്ങൾ എത്ര ചാനലുകൾ കാണും. ഇരുപത്തിനാലു മണിക്കൂറും കാണിക്കാൻ എന്തു വിഷയമാണ് അവർ തെരഞ്ഞെടുക്കുക. ചാനലുകൾ കൂടുംതോറും വാർത്തയുടെ വിശ്വാസ്യത കുറയുന്നതായിട്ടാണ് കാണുന്നത്. ഞങ്ങളുടെ തുടക്കകാലത്ത് വളരെ കുറച്ചുപേർ മാത്രമേ ചാനലുകളിലുണ്ടായിരുന്നുള്ളൂ. വളരെ ആസ്വദിച്ചാണ് അവരെല്ലാം ജോലി ചെയ്തിരുന്നത്. അസംബ്ലിഇലക്ഷൻ കാലത്ത് രാവിലെ ജോലിക്കു വന്നാൽ പിറ്റേന്ന് പുലർച്ചെ രണ്ടു മണി വരെ ജോലി ചെയ്തിരുന്ന ദിവസങ്ങളുണ്ടായിരുന്നു. ഇപ്പോൾ ആളുകൾ നിരവധിയുണ്ട്. ചാനലുകൾ മാത്രമല്ല, ജേർണലിസം പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഏറെയാണ്.
ഒരു സ്ത്രീയെന്ന നിലയിൽ ഈ രംഗത്തുനിന്ന് യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. സഹപ്രവർത്തകരുടെ പൂർണ പിന്തുണയുണ്ടായിരുന്നു. പുലർച്ചെ രണ്ടു മണിവരെ ജോലി ചെയ്യുമ്പോഴും എല്ലാവരുടെയും സഹകരണമുണ്ടായിരുന്നു. ആൺപെൺ വ്യത്യാസമില്ലാതെ യാതൊരു ബുദ്ധിമുട്ടും ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ല.
സത്യസന്ധതയാണ് പ്രധാനം. അന്വേഷണാത്മക പത്രപ്രവർത്തനമെന്ന പേരിൽ മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഒരു ബിസിനസ് എന്നതിൽ കവിഞ്ഞ് ഇതൊരു സേവനമാണെന്ന് മനസ്സിലാക്കുന്ന ഒരു തലമുറയെയാണ് നമുക്കാവശ്യം. വ്യക്തിഹത്യ അവസാനിപ്പിച്ച്് നല്ലൊരു മാധ്യമ സംസ്‌കാരം വളർത്തിയെടുക്കുകയാണ് വേണ്ടത്.
ഭർത്താവ് കണ്ണൻ ദൂരദർശനിൽ തന്നെയാണ് ജോലി നോക്കിയിരുന്നത്. എം.ടി. വാസുദേവൻ നായർ തിരക്കഥയൊരുക്കിയ തീർഥാടനം എന്ന ചിത്രം സംവിധാനം ചെയ്തത് കണ്ണനായിരുന്നു. ജയറാം നായകനായി അഭിനയിച്ച ഈ ചിത്രം നാലു സംസ്ഥാന പുരസ്‌കാരങ്ങളാണ് നേടിയെടുത്തത്. ഞങ്ങൾക്ക് ഒരു മകളുണ്ട്. പൂർണിമ.
വിശ്രമജീവിതം ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. പണ്ട് ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. കണ്ണാടിയിൽ നോക്കി എന്നെത്തന്നെ വരയ്ക്കുമായിരുന്നു. ചേച്ചി വരയ്ക്കുന്നതു നോക്കിയാണ് ചില പൊടിക്കൈകൾ പഠിച്ചെടുത്തത്. മകളുടെ റെക്കോഡ് ബുക്കിലും വരയ്ക്കുമായിരുന്നു. പിന്നീട് അതെല്ലാം നിലച്ചുപോയി. അവയെല്ലാം തിരിച്ചുപിടിക്കാൻ ശ്രമിക്കണം.