Sorry, you need to enable JavaScript to visit this website.

അഫ്ഗാനിൽ തകർന്നുവീണ വിമാനം ഇന്ത്യയുടേതല്ലെന്ന് വ്യോമയാന മന്ത്രാലയം

ന്യൂദൽഹി- അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽ തകർന്ന യാത്രാവിമാനം ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. ഇത് ഇന്ത്യൻ യാത്രാ വിമാനമാണെന്ന അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട് നിരസിച്ചാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്. 
അഫ്ഗാനിസ്ഥാനിൽ സംഭവിച്ച നിർഭാഗ്യകരമായ വിമാനാപകടം ഇന്ത്യൻ ഷെഡ്യൂൾഡ് എയർക്രാഫ്‌റ്റോ നോൺ ഷെഡ്യൂൾഡ് (എൻ.എസ്.ഒ.പി)/ചാർട്ടർ വിമാനമോ അല്ലെന്നും മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ചെറിയ വിമാനമാണിതെന്നും വ്യോമയാന മന്ത്രാലയം വിശദീകരിച്ചു. 

പർവതപ്രദേശമായ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഒരു വിമാനം തകർന്നുവീണതായി അഫ്ഗാനിലെ പ്രവിശ്യാ സർക്കാറാണ് അറിയിച്ചത്. ചൈന, താജിക്കിസ്ഥാൻ, പാകിസ്ഥാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന ബദക്ഷാൻ പ്രവിശ്യയിലാണ് വിമാനം തകർന്നത്. എന്നാൽ അപകടത്തിന്റെ കൃത്യമായ സ്ഥലം അജ്ഞാതമാണ്. 
സ്ഥലം കണ്ടെത്തുന്നതിനായി സംഘത്തെ അയച്ചിട്ടുണ്ടെന്നും അതേസമയം, ഇതേവരെ സ്ഥലം കണ്ടെത്താനായിട്ടില്ലെന്നും  പ്രവിശ്യാ ഇൻഫർമേഷൻ മേധാവി സാബിഹുള്ള അമിരി പറഞ്ഞു. 

അതേസമയം, താലിബാന്‍ സര്‍ക്കാര്‍ നല്‍കിയ പ്രസ്താവനയില്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ വിമാനമാണെന്നാണുള്ളത്. 

താലിബാന്‍റെ എക്സിലെ പ്രസ്താവന
ബദക്ഷാൻ പ്രവിശ്യയിലെ കുറാൻ-വാ-മുഞ്ജൻ, സെബക് ജില്ലകളുടെ അതിർത്തി പ്രദേശത്താണ് ഇന്ത്യൻ കമ്പനിയുടെ യാത്രാവിമാനം തകർന്നുവീണു. സുരക്ഷാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു. 

Latest News