Sorry, you need to enable JavaScript to visit this website.

മുഈനലി തങ്ങൾക്ക് നേരെയുള്ള വധഭീഷണിയും ലീഗിലെ വിവാദവും

ഒരു ഇടവേളക്ക് ശേഷം വീണ്ടും യൂത്ത് ലീഗ് നേതാവ് മുഈനലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിൽ വിവാദബിന്ദുവായി മാറുകയാണ്. ഇത്തവണ പോലീസ് കേസും നിയമനടപടികളും പരോക്ഷ പ്രസ്താവനകളുമായാണ് മുഈനലി വാർത്തകളിൽ ഇടംനേടുന്നത്. മുഈനലിക്ക് നേരെ നേരത്തെ കോഴിക്കോട് ലീഗ് ഓഫീസിൽ നേരിട്ടെത്തി രൂക്ഷമായ പരാമർശം നടത്തിയ റാഫി പുതിയകടവാണ് ഇക്കുറിയും മറുഭാഗത്ത് എന്നതും ശ്രദ്ധേയമാണ്. 

സമസ്ത-ലീഗ് തർക്കത്തിൽ പാണക്കാട് കുടുംബത്തിൽനിന്നുള്ള മുഈനലി തങ്ങൾ ലീഗിന്റെ ഔദ്യോഗിക വിഭാഗത്തിനൊപ്പമല്ല എന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇതിനിടയിലാണ്  മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങൾക്ക് നേരെ വധഭീഷണിയുമായി റാഫി പുതിയകടവ് രംഗത്തെത്തിയത്. തനിക്ക് നേരെ വധഭീക്ഷണി മുഴക്കി റാഫി പുതിയകടവ് ഫോൺ ചെയ്തുവെന്നാണ് മുഈനലി തങ്ങളുടെ പരാതിയിലുള്ളത്. നേരത്തെ കോഴിക്കോട് ലീഗ് ഓഫീസിൽ പത്രസമ്മേളനത്തിനിടെ കടന്നെത്തിയ റാഫി പുതിയകടവ്, മുഈനലി തങ്ങളെ കടുത്ത ഭാഷയിൽ ആക്രമിച്ചിരുന്നു. ഇതിന് ശേഷം റാഫിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചെങ്കിലും നിയമനടപടികളിലേക്ക് നീങ്ങിയിരുന്നില്ല. എന്നാൽ, ഫോണിൽ വധഭീഷണി മുഴക്കിയതോടെ റാഫിക്കെതിരെ പോലീസിൽ പരാതിയുമായി നേരിട്ടെത്തിയിരിക്കുകയാണ് മുഈനലി തങ്ങൾ.


നിരാശ വേണ്ട, പ്രവാസികള്‍ ഇനിയും സ്വര്‍ണം കൈവിടരുത്


താൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രശ്‌നമുണ്ടാക്കുമെന്ന് റാഫി പുതിയ കടവ് സ്ഥിരമായി മെസേജ് അയക്കുകയാണെന്ന് മലപ്പുറം പോലീസ് സ്‌റ്റേഷനിൽ എത്തി മുഈനലി തങ്ങൾ മൊഴി നൽകി. റാഫിയുടെ പശ്ചാത്തലം എനിക്കറിയില്ലെന്നും എല്ലാ കാര്യവും പോലീസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും മുഈനലി പറഞ്ഞു. ഭീഷണിക്ക് കാരണം എന്താണെന്ന് അറിയില്ല. ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഭീഷണിക്ക് പിന്നിൽ പ്രേരണയുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കണമെന്നും മുഈനലി തങ്ങൾ പറഞ്ഞു. റാഫിയുടെ ഓഡിയോ സന്ദേശവും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

തങ്ങളേ, ഈ പോക്ക് പോകുകയാണെങ്കിൽ വീൽചെയറിൽ പോകേണ്ടി വരും. തങ്ങൾ കുടുംബത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. ഈ രീതിയിൽ മുന്നോട്ടുപോയാൽ തങ്ങൾക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ല എന്നായിരുന്നു ഫോണിൽ ലഭിച്ച സന്ദേശം. 

അതേസമയം, പരാതി നൽകാനെത്തിയ മുഈനലി തങ്ങൾ ലീഗ് നേതാക്കൾക്കെതിരെ പരോക്ഷമായ ആരോപണമാണ് ഇന്നും ഉന്നയിച്ചത്. യൂത്ത് ലീഗിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റായ മുഈനലിക്ക് നേരെ പാർട്ടി ഭാരവാഹിയല്ലാത്ത ഒരാൾ ആരോപണം ഉന്നയിക്കുന്നതിലെ സാംഗത്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, പാർട്ടിയിൽ ഔദ്യോഗിക പദവിയുണ്ടോ എന്നതല്ല കാര്യമെന്നും നേതാക്കളുമായി ഔദ്യോഗിക അനൗദ്യോഗിക ബന്ധമുണ്ടോ എന്നതാണ് പ്രധാനം എന്നുമായിരുന്നു മറുപടി. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കൂടുതൽ പക്വതയോടെ മുന്നോട്ടുപോകണമെന്ന ആവശ്യവും മുഈനലി ഉന്നയിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം പാണക്കാട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ പൈതൃകം പരിപാടിയിൽ കുഞ്ഞാലിക്കുട്ടിയും സമദാനിയും നടത്തിയ പരാമർശങ്ങൾ ഓർത്തെടുത്തായിരുന്നു മുഈനലിയുടെ പ്രസ്താവന. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ചെയ്യുന്നതുപോലെ ഇരുവിഭാഗത്തെയും ഒരുമിച്ചു കൊണ്ടുപോകണം എന്നും മുഈനലി പറഞ്ഞു. നേതാക്കൾ കൂടുതൽ പക്വത കാണിക്കണം. സമസ്തയും ലീഗും തമ്മിൽ പ്രശ്‌നമില്ല. പ്രശ്‌നമുണ്ടാക്കുന്നത് സോഷ്യൽ മീഡിയയിലെ ചിലരാണെന്നും മുഈനലി പറയുന്നു. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അവസാന കാലത്തും അദ്ദേഹം വിടവാങ്ങിയ ശേഷവും ലീഗിലെ വിമതശബ്ദമായി പലപ്പോഴും മുഈനലിയെ രേഖപ്പെടുത്താറുണ്ട്. ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിൽ മുഈനലിക്ക് മടിയുണ്ടാകാറില്ല. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്തയിലെ ഒരു വിഭാഗം ലീഗിനോട് വിമുഖത പുലർത്തുന്ന ഘട്ടത്തിൽ ആ വിഭാഗവുമായി അടുപ്പം പുലർത്തുന്ന പാണക്കാട്ടെ കുടുംബാംഗം എന്ന പരിഗണനയും മുഈനലിക്കുണ്ട്. 

കഴിഞ്ഞ ദിവസം പാണക്കാട്ട് എം.എസ്.എഫ് സംഘടിപ്പിച്ച പൈതൃകം പരിപാടിയിൽ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എന്നിവരുടെ പരാമർശങ്ങളെ വിമർശിച്ച് മുഈനലി തങ്ങൾ രംഗത്തുവന്നിരുന്നു. 
പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് മറുപടിയായി, പാണക്കാട്ട് കുടുംബത്തിന്റെ കൊമ്പ് വെട്ടാനും ചില്ല മുറിക്കാനും ആരും വരില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകൾ മാത്രമാണെന്നുമായിരുന്നു മുഈനലി തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതേ പ്രസ്താവനയാണ് അദ്ദേഹം ഇന്ന് ആവർത്തിച്ചത്. നമ്മൾ മാതൃകാപരമായി പോകേണ്ടവരാണെന്നും ചില്ലയും കൊമ്പും വെട്ടുമെന്നതെല്ലാം തോന്നാൽ മാത്രമാണെന്നും പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകൾക്ക് മങ്ങൽ വരുമെന്നുമായിരുന്നു പ്രസംഗം. നേതാക്കൾ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളിൽ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളിൽ പിടിച്ചുതൂങ്ങിനിൽക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും മുഈനലി തങ്ങൾ പറഞ്ഞു. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആർക്കും സ്പർശിക്കാനാവില്ലെന്ന' അബ്ദുസ്സമദ് സമദാനി എം.പിയുടെ പരാമർശത്തെയും മുഈനലി തങ്ങൾ തിരുത്തി. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു മുഈനലി തങ്ങളുടെ മറുപടി. 
വലക്കണ്ടി തൻവീർ ക്യാമ്പസിൽ നടന്ന ആദർശ സംഗമത്തിലാണ് മുഈനലി തങ്ങളുടെ പരാമർശമുണ്ടായത്. സമസ്ത സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ പരാമർശമെന്നതും ശ്രദ്ധേയമാണ്. 

കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും എതിരെ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ലീഗ് അനുകൂല-വിരുദ്ധ സമസ്ത ഗ്രൂപ്പുകൾ കാര്യമായി ചർച്ച ചെയ്തിരുന്നു. ഇതിനിടയിലാണ് മുഈനലി തങ്ങൾക്ക് നേരെ വധഭീഷണി ഉയരുന്നതും. നേരത്തെയും കുഞ്ഞാലിക്കുട്ടിക്കെതിരെ പറഞ്ഞ ഘട്ടത്തിലായിരുന്നു റാഫി പുതിയ കടവ് ലീഗ് ഓഫീസിലെത്തി മുഈനലി തങ്ങൾക്ക് നേരെ കയർത്തു സംസാരിച്ചത്. 
ഇന്ന് മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലും മുഈനലി ലക്ഷ്യം വെക്കുന്നത് റാഫിക്ക് പുറമെ, ലീഗിലെ ചില നേതാക്കളെയാണെന്നതും വ്യക്തമാണ്. ഒരിടവേളക്ക് ശേഷം മുഈനലി വീണ്ടും റാഫി പുതിയകടവിലൂടെ ലീഗ് നേതാക്കളിലേക്ക് എത്തുകയാണെന്ന് ചുരുക്കം.

Latest News