Sorry, you need to enable JavaScript to visit this website.

ഇന്നേയ്ക്ക് 40 വര്‍ഷമായി ശാന്തമ്മയും ജിതിനും ചോദിക്കുന്നു എന്നെങ്കിലും ആ വാര്‍ത്ത കേള്‍ക്കുമോ? ഒപ്പം കേരളത്തിലെ ജനങ്ങളും

ശാന്തമ്മയും ജിതിനും 40 വര്‍ഷമായി മനസ്സുരുകി പ്രാര്‍ത്ഥിക്കുകയാണ് കുറ്റകൃത്യങ്ങളില്‍ ഇന്നും ദുരൂഹതയായി അവശേഷിക്കുന്ന, പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറിപ്പിനെ പിടിച്ചെന്ന വാര്‍ത്ത കേള്‍ക്കാന്‍. കാരണം, ശാന്തമ്മയ്ക്ക് നഷ്ടപ്പെട്ടത് സ്വന്തം ഭര്‍ത്താവിനെയാണ്, ജിതിന് നഷ്ടപ്പെട്ടത്  താന്‍ ജനിക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പ് ഒരു ക്രൂരന്റെ കുബുദ്ധിയില്‍ മാഞ്ഞുപോയ സ്വന്തം അച്ഛനെ. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ജിതിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. കേരളത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും ഇന്നും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഫിലിം റെപ്രസന്റേറ്റീവ് എന്‍ ജെ ചാക്കോയെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ ക്രൂരമായ കൊലയാളി സുകുമാരക്കുറുപ്പ് മുങ്ങിയിട്ട് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ക്ക് പ്രായം എണ്‍പതിനടുത്തെത്തിയിട്ടുണ്ടാകും തങ്ങളുടെ ജീവനും ജീവിതവും നശിപ്പ നശിപ്പിച്ച സുകുമാരക്കുറുപ്പ് എവിടെങ്കിലും  ജീവിച്ചിരിപ്പുണ്ടാകുമെന്ന്  ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകന്‍ ജിതിനും ഇപ്പോഴും  ഉറച്ച് വിശ്വസിക്കുന്നുണ്ട്. അയാളെ പിടികൂടിയെന്ന് വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്ന് ചോദ്യത്തിന് കഴിഞ്ഞ 40 വര്‍ഷമായി ഉത്തരമില്ലെങ്കിലും ലോകത്തിന്റെ ഏതോ കോണില്‍ ഇപ്പോഴും അയാള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്നാണ് കേരള പോലീസ്  വിശ്വസിക്കുന്നത്.


1984 ജനുവരി 21 നാണ് സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇന്നും ദുരൂഹതയായി അവശേഷിക്കുന്ന ആ സംഭവം നടന്നത് . ആലപ്പുഴയിലേക്ക് ബസ് കാത്തു നിന്ന എന്‍.ജെ.ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നം എന്ന സ്ഥലത്തിന് സമീപം വെച്ചു സുകുമാരക്കുറുപ്പും ഭാര്യാ സഹോദരി ഭര്‍ത്താവ് ഭാസ്‌ക്കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഇവരുടെ സുഹ്യത്തായ ചാവക്കാട് സ്വദേശി ഷാഹുവും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തന്റെ രൂപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ കൊലപ്പെടുത്തി ചുട്ടു കരിക്കുകയായിരുന്നു. താനാണ് മരിച്ചതെന്ന് വരുത്തി തീര്‍ത്ത് എട്ടു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. കരുവാറ്റ ടി.ബി.ജംഗ്ഷനിലെ ശ്രീഹരി ടാക്കീസില്‍ ടിക്കറ്റ് കളക്ഷന്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ചാക്കോയെ ആലപ്പുഴക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തി സുകുമാരക്കുറുപ്പിന്റെ കാറിലിട്ട് അകത്തും പുറത്തും പെട്രോളൊഴിച്ച് കാര്‍ പാടത്തേക്ക് മറിച്ചിട്ട ശേഷം കത്തിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന കുറുപ്പ് നാട്ടിലെത്തിയ ശേഷമാണ് ഈ ക്രൂര കൃത്യം ആസൂത്രണം ചെയ്തത്.

കാര്‍ കത്തിയെരിഞ്ഞ പാടം ഇപ്പോള്‍ ചാക്കോ പാടം എന്നാണ് അറിയപ്പെടുന്നത്. മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് കേരളത്തെ നടുക്കിയ ക്രൂര കൃത്യത്തിന്റെ ചുരുളഴിഞ്ഞത്. മറ്റു പ്രതികള്‍ പിയിയിലായെങ്കിലും ഒന്നാം പ്രതി സുകുമാരക്കുറുപ്പ്  അപ്പോഴേക്കും മുങ്ങിയിരുന്നു. പിന്നെ  കുറുപ്പിന് വേണ്ടി പോലീസ് നാടു മുഴുവന്‍ അന്വേഷണം നടത്തി. രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കുമെല്ലാം ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പക്ഷേ കുറുപ്പിനെ  കണ്ടെത്താനായില്ല. ഇയാള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തിന് രൂപ മാറ്റം വരുത്തിയാതായി പോലീസ് സംശയിച്ചു. കുറുപ്പിന്റെ രൂപസാദൃശ്യമുള്ളവരെ കേരളത്തിലും രാജ്യത്തിന്റെ പലയിടത്തും  കണ്ടെത്തിയതായി വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് ആളുകളെ പോലീസ് ചോദ്യം ചെയ്തെങ്കിലും അവരാരും സുകുമാരക്കുറുപ്പായിരുന്നില്ല. ഇയാളുടെ ബന്ധുക്കളെ വര്‍ഷങ്ങളോളം പോലീസ് രഹസ്യമായി നിരീക്ഷിച്ചെങ്കിലും കുറുപ്പിലേക്ക് എത്താനുള്ള ഒരു തുമ്പു പോലും കിട്ടിയില്ല.ഗള്‍ഫ് നാടുകളിലേക്ക് കടന്നിട്ടുണ്ടെന്ന സംശയത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും രഹസ്യാന്വേഷം നടത്തിയെങ്കിലും ഇതുവരെ യാതൊരു കാര്യവുമുണ്ടായില്ല.  അജ്ഞാതരായി  മരിച്ചവരുടെ   മൃതദേഹങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

കേരള പോലീസിന്റെ അന്വേഷണ സംവിധാനത്തെ മുഴുവന്‍ വെല്ലുവിളിച്ചു കൊണ്ട് കാണാമറയത്ത് തുടരുമ്പോഴും ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തിരുവല്ലയില്‍ വെച്ച് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും അവിടെയല്ലാം രഹസ്യ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയെ കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്റെ ആഡംബര വീടിന്റെ പണി ആരംഭിച്ചിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അമ്പലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനടുത്ത് ദേശീയ പാതയില്‍ നിന്ന് അല്‍പ്പം മാറിയാണ് ഈ വീട്. പകുതി മാത്രം പൂര്‍ത്തിയായ ആ വീട് എല്ലാറ്റിനും സാക്ഷിയായി പ്രേതബംഗ്ലാവായി മാറി.കാലം ഇത്രയും കഴിഞ്ഞതോടെ  ജീവനോടെയുണ്ടായാല്‍ പോലും സുകുമാരക്കുറുപ്പിനെ  കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ സംസ്ഥാന പോലീസിനില്ല. . അപ്പോഴും തങ്ങളുടെ അത്താണിയെ ഇല്ലാതാക്കിയ കുറുപ്പ് എന്നെങ്കിലും പിടിയിലാകുമെന്ന പ്രതീക്ഷയില്‍ ചാക്കോയുടെ ഭാര്യ ശാന്തമ്മയുടെയും മകന്‍ ജിതിന്റെയും കാത്തിരിപ്പ് തുടരുകയാണ്.ഇതിനിടയില്‍ സുകുമാരക്കുറുപ്പിന്റെ കഥ സിനിമയായി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായിക്കൊണ്ട് 'കുറുപ്പ് ' എന്ന പേരിലാണ്    സിനിമയിറങ്ങിയത്. സുകുമാരക്കുറുപ്പ് മരിച്ചു പോയിരിക്കുമോ?  അല്ലെങ്കില്‍ ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അയാള്‍ ജീവിച്ചിരിക്കുന്നുണ്ടാകുമോ? ഉത്തരം ആര്‍ക്കുമില്ല.

കൂടുതൽ വാർത്തകൾ വായിക്കാം

നിരാശ വേണ്ട, പ്രവാസികള്‍ ഇനിയും സ്വര്‍ണം കൈവിടരുത്

പാക് ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും; സാനിയയുടെ പരാമര്‍ശം വീണ്ടും വൈറലായി

 

Latest News