ന്യൂദൽഹി- അയോധ്യ രാമക്ഷേത്രത്തിലെ മഹാപ്രതിഷ്ഠാ ചടങ്ങുകൾക്കായി ദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്(എയിംസ്) നാളെ ഉച്ചയ്ക്ക് 2.30 വരെ അവധി നൽകാനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് മാറ്റി. നാളെ രാവിലെ മുതൽ ഉച്ചവരെ എമർജൻസി സേവനങ്ങൾക്ക് അവധി നൽകുമെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് (ഒ.പി.ഡി) സേവനങ്ങൾ ലഭ്യമാണോയെന്ന് ഔദ്യോഗിക കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല.
ദൽഹി എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേഷ് കുമാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് എയിംസിന് നാളെ രാവിലെ മുതൽ ഉച്ചവരെ അവധി നൽകുമെന്ന് അറിയിച്ചത്. ഉത്തരവ് പുറത്തുവന്നത് വൻ പ്രതിഷേധത്തിന് കാരണമായി.
എയിംസിൽ അപ്പോയിന്റ്‌മെന്റ് ലഭിക്കാൻ രോഗികൾക്ക് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അവധി വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ, നേരത്തെ അപ്പോയിൻമെന്റുള്ള രോഗികൾക്ക് ഡോക്ടർമാരെ കാണാൻ സൗകര്യമുണ്ടായിരിക്കുമെന്നും എമർജൻസി സേവനങ്ങൾ തുറന്നിരിക്കുമെന്നും ചൂണ്ടിക്കാട്ടി എയിംസ് പുതിയ നോട്ടീസിറക്കി. അതേസമയം, ദൽഹിയിലെ മറ്റൊരു പ്രധാന ആശുപത്രിയായ സഫ്ദർജംഗ് ഹോസ്പിറ്റൽ ഒ.പി.ഡി രജിസ്‌ട്രേഷൻ രാവിലെ 8 നും 10 നും ഇടയിൽ നടക്കുമെന്നും രജിസ്റ്റർ ചെയ്ത എല്ലാ രോഗികളെയും പരിശോധിക്കുമെന്നും അറിയിച്ചു. ആശുപത്രിയിൽ ഉച്ചവരെ ഫാർമസി സേവനങ്ങൾ പ്രവർത്തിക്കുമെങ്കിലും ശസ്ത്രക്രിയകൾ നടക്കില്ല.
അയോധ്യയിലെ ചടങ്ങുകൾ പ്രമാണിച്ച് അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചതിനെ രാജ്യസഭാ എം.പിയും ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവുമായ പ്രിയങ്ക ചതുർവേദി പരിഹസിച്ചു. ഹലോ മനുഷ്യരേ, ദയവായി 22-ന് എയിംസിലെ മെഡിക്കൽ എമർജൻസിയിലേക്ക് പോകരുത്. മര്യാദ പുരുഷോത്തം റാമിനെ സ്വാഗതം ചെയ്യാൻ ദൽഹി എയിംസ് ഉച്ചവരെ അവധിയാണെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു. തന്നെ സ്വാഗതം ചെയ്യാനായി ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടതിനെ ഭഗവാൻ രാമൻ സമ്മതിക്കുമോ എന്നും അവർ പോസ്റ്റിൽ ചോദിച്ചു.
തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെയും അവധി നൽകിയതിനെ വിമർശിച്ചു രംഗത്തെത്തി. 'ഇന്ത്യയിലെ ഏറ്റവും വലിയ ഗവൺമെന്റ് ഹോസ്പിറ്റൽ ദൽഹി എയിംസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 വരെ അടച്ചിടും. എയിംസ് ഗേറ്റുകളിൽ അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്ന ആളുകൾ അക്ഷരാർത്ഥത്തിൽ തണുപ്പിൽ ഉറങ്ങുന്നു. പാവപ്പെട്ടവർക്കും മരിക്കുന്നവർക്കും കാത്തിരിക്കാം. മോഡിയുടെ മുഖത്തിനാണ് ക്യാമറകൾ പ്രാധാന്യം നൽകുന്നതെന്നും ഗോഖലെ പോസ്റ്റ് ചെയ്തു.