മുംബൈ- ജനുവരി 22 പൊതു അവധിയായി പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നാല് നിയമവിദ്യാര്‍ത്ഥികള്‍ ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 'പ്രാണപ്രതിഷ്ഠ' ആചരിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊതുതാല്‍പ്പര്യ ഹരജി.
ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ഹിന്ദുമതവുമായി ബന്ധപ്പെട്ട മതപരമായ ആചാരമാണെന്ന് ഊന്നിപ്പറഞ്ഞ ഹരജിക്കാര്‍, അത് സര്‍ക്കാരിന്റെ പരിപാടിയാകരുതെന്ന് വാദിക്കുന്നു.
പൊതു അവധി ദിനങ്ങള്‍ ദേശാഭിമാനികളായ വ്യക്തികളെയോ ചരിത്രപുരുഷന്മാരെയോ സ്മരിക്കുന്നതിനായാണ് നീക്കിവെക്കേണ്ടത്, അല്ലാതെ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ മതസമൂഹത്തെയോ പ്രീതിപ്പെടുത്താന്‍ ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ആഘോഷിക്കാന്‍ വേണ്ടിയാകരുതെന്നും പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു.