Sorry, you need to enable JavaScript to visit this website.

VIDEO രാഹുലിന്റെ യാത്രാ സംഘത്തിനുനേരെ അസമില്‍ ആക്രമണം; ബി.ജെ.പി ഗുണ്ടകളെന്ന് കോണ്‍ഗ്രസ്

ഗുവാഹതി- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരജ് ജോഡോ ന്യായ് യാത്രാ സംഘത്തിനുനേരെ അസമില്‍ ആക്രമണം. യാത്ര കടന്നുപോയ ലഖിംപുരില്‍ യാത്രാ സംഘത്തില്‍ പെട്ട ഒരു ട്രക്ക് അക്രമികള്‍ ആക്രമിക്കുകയും ഡ്രൈവറെയും ഹെല്‍പറെയും മര്‍ദിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആക്രമണത്തില്‍ ട്രക്കിന്റെ ചില്ല് തകര്‍ന്നു. അക്രമികള്‍ ന്യായ് യാത്രയുടെ പോസ്റ്ററുകളും മറ്റും നശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ആക്രമണത്തെ ശക്തിയായി അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബി.ജെ.പി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. ഇത്തരം ഭീഷണികള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യാത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യാത്രയുടെ സംഘാടകര്‍ക്കെതിരെ അസം പോലീസ് കേസെടുത്തിരുന്നു. യാത്ര മുന്‍ നിശ്ചയിച്ച റൂട്ട് മാറി സഞ്ചരിച്ചുവെന്നും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നും ആരോപിച്ചായിരുന്നു കേസ്. യാത്രയുടെ പ്രധാന സംഘാടകരില്‍ ഒരാളും, മലയാളിയുമായ മുന്‍ എന്‍.എസ്.ജി ഉദ്യോഗസ്ഥന്‍ കെ.ബി. ബൈജു അടക്കമുള്ളവരെ പ്രതികളാക്കിയാണ് കേസ്.
യാത്ര തല്‍ക്കാലം തുടരാന്‍ അനുവദിക്കുമെന്നും, കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന് ഉത്തരവാദികളായവരെ നമ്മുടെ പോലീസ് പോയി അതിഥികളായി കൂട്ടിക്കൊണ്ടുവരുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഭീഷണി മുഴക്കി.
രാഹുല്‍ ഗാന്ധിയുടെ യാത്ര അസമില്‍ കടന്നതുമുതല്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുമായി ഉരസലിലാണ്. യാത്രയുടെ റൂട്ട് തീരുമാനിക്കുന്നതിലും കണ്ടെയ്‌നറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അനുവദിക്കുന്നതിലുമെല്ലാം തര്‍ക്കമുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ സംസാരിക്കവേ ഹിമന്തയെ കുറിച്ച് രാഹുല്‍ പറഞ്ഞത്. എന്നാല്‍ താനല്ല, നെഹ്രു കുടുംബമാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ മറുപടി. അരുണാചല്‍ പ്രദേശില്‍ പ്രവേശിച്ച യാത്ര നാളെ വീണ്ടും അസമില്‍ തിരിച്ചെത്തും. ഈ മാസം 25 വരെ യാത്ര അസമിലൂടെ നീങ്ങും.

 

Latest News