പനമരം- നാടിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. മേച്ചേരിയില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ രണ്ട് കുട്ടികളും അടങ്ങുന്ന എട്ട് ആനകളെയാണ് ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ കാടുകയറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ആനക്കൂട്ടം മേച്ചേരിയിലെത്തിയത്. അമ്മാനി വനത്തില്‍നിന്നായിരുന്നു ആനകളുടെ വരവ്. നേരം പുലര്‍ന്നപ്പോള്‍ ആളുകള്‍ കണ്ടത് കൃഷിയിടങ്ങളിലൂടെയും റോഡിലൂടെയും തലങ്ങും വിലങ്ങും നടക്കുന്ന ആനകളെയാണ്. ഭീതിയിലായ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ വനസേന പടക്കങ്ങള്‍ പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനകളെ തുരത്താന്‍ തുടങ്ങിയത്.