ന്യൂദൽഹി- നടി രശ്മിക മന്ദാനയുടെ പേരിൽ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായത് 24-കാരൻ. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെ ലഭിക്കാനാണ് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് അറസ്റ്റിലായ നവീൻ പോലീസിനോട് പറഞ്ഞു. രാജ്യത്തുടനീളം വ്യാജപ്രചരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട കേസിലെ മുഖ്യസൂത്രധാരനെ ആന്ധ്രാപ്രദേശിലാണ് അറസ്റ്റ് ചെയ്തത്.
ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷമാണ് ദൽഹി പോലീസ് ഇയാളെ പിടികൂടിയത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെ നേടുന്നതിന് വേണ്ടിയാണ് താൻ വീഡിയോ നിർമ്മിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.
താൻ രശ്മിക മന്ദാനയുടെ ആരാധകനാണെന്നും ഇവരുടെ ഫാൻ പേജ് നടത്താറുണ്ടെന്നും നവീൻ പറഞ്ഞു. ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കി പേജിൽ ഷെയർ ചെയ്ത് മിനിറ്റുകൾക്കകം വൈറലായെന്നും അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ ഗണ്യമായ വർധനയുണ്ടായെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഇത് തന്നെ കുഴപ്പത്തിലാക്കുമെന്ന് മനസിലാക്കിയ നവീൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും ഇൻസ്റ്റാഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തു. ഡിജിറ്റൽ ഡാറ്റയും നീക്കം ചെയ്തു. എങ്കിലും പോലീസ് വലയത്തിൽനിന്ന് പുറത്തുകടക്കാൻ ഇയാൾക്കായില്ല.