Sorry, you need to enable JavaScript to visit this website.

നിക്കി ഹേലിക്കെതിരെ വംശീയ പരാമര്‍ശവുമായി ട്രംപ്

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയും എതിരാളിയുമായ നിക്കിഹേലിക്കെതിരെ വര്‍ണവെറി നിറഞ്ഞ പരാമര്‍ശങ്ങളുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

തന്റെ ട്രൂത്ത് സാമൂഹ്യമാധ്യമ അക്കൗണ്ട് വഴിയാണ് നിക്കി ഹേലിക്കെതിരെ ട്രംപ് വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത്. 
നിമരാത നിക്കി രണ്‍ധവ എന്നായിരുന്നു സൗത്ത് കരോലിനയിലെ ബാംബെര്‍ഗില്‍ ജനിച്ച നിക്കി ഹേലിയുടെ പേര്. മധ്യത്തിലെ പേരാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 1996ല്‍ വിവാഹിതയായ ശേഷം സര്‍നെയിമായി ഹേലി എന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 
കുടിയേറ്റക്കാരുടെ മകനും കൊച്ചുമകനുമാണ് ട്രംപ്. രണ്ട് തവണ ട്രംപ് വിവാഹം ചെയ്തതും കുടിയേറ്റക്കാരെ ആയിരുന്നു. എന്നിട്ടും കുടിയേറ്റക്കാര്‍ക്കെതിരെ വംശീയമായി അധിക്ഷേപിക്കുകയാണ് ട്രംപിന്റെ പതിവ്. 

ഹേലി നിമ്പ്ര എന്ന് മൂന്ന് തവണ തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുകയും ഇത് എന്താണെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്ന് പറയുകയും ചെയ്തു. ന്യൂഹാംഷെയര്‍ പ്രൈമറിക്ക് നാല് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ട്രംപിനെതിരെയുള്ള മത്സരാര്‍ഥി ആയിരുന്നു നിക്കി ഹേലി.

ഇന്ത്യന്‍ പേര് ചൂണ്ടിക്കാട്ടി നിക്കി ഹേലി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ അയോഗ്യയാണെന്ന് സ്ഥാപിക്കുകയാണ് ട്രംപ് തന്റെ പോസ്റ്റിലൂടെ ചെയ്തത്. 1972ല്‍ ജനിക്കുമ്പോള്‍ നിക്കിയുടെ മാതാപിതാക്കള്‍ അമേരിക്കന്‍ പൗരന്‍മാര്‍ അല്ലെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ട്രംപ് നേരത്തെ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെയും ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യ കറുത്ത വംശജനായ പ്രസിഡന്റ് കെനിയയിലാണ് ജനിച്ചതെന്നും അമേരിക്കയിലെ സ്വഭാവിക പൗരനല്ലെന്നുമുള്ള വിമര്‍ശനം ട്രംപ് കാലങ്ങളായി ഉയര്‍ത്തുന്നതാണ്. റിപ്പബ്ലിക്കുകളുടെ യാഥാസ്ഥിതിക മനോഭാവം ഉയര്‍ത്തിപ്പിടിക്കാന്‍ 2016 തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് എടുത്ത  നിലപാട് അമേരിക്കന്‍ രാഷ്ട്രീയ സംവിധാനങ്ങളില്‍ ചലനമുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ട്രംപിന്റെ വംശീയ പരാമര്‍ശങ്ങളെ നിക്കി ഹേലി അവജ്ഞയോടെ തള്ളി. തന്നെ ട്രംപ് ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് തന്റെ പരാമര്‍ശങ്ങളിലൂടെ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ നിശ്ചയിക്കട്ടെ എന്നും നിക്കി ഹേലി പറഞ്ഞു. ട്രംപിന് സ്വയം തന്നെ സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും  അതിന്റെ ബഹിര്‍സ്ഫുരണമാണ് ഇത്തരം പരാമര്‍ശങ്ങളെന്നും പറഞ്ഞ നിക്കി ഹേലി ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് വന്‍ തുകയാണ് ചെലവിടുന്നതെന്നും എന്നിട്ടും തോല്‍വി ഭയക്കുകയാണെന്നും പറഞ്ഞു.
 

Latest News