തൃശൂര്‍ - ഏപ്രില്‍, മെയ് മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍നിന്ന് മൃഗങ്ങളെ പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റും. തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്തിനെ മാര്‍ച്ചോടെ എത്തിക്കും. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബില്‍ തയാറാക്കിട്ടുണ്ട്. താല്‍പര്യപത്രം ക്ഷണിച്ച് കരാര്‍ ഒപ്പിട്ട് രാജ്യത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളില്‍ ആദ്യം ജൂണോടെ അനക്കോണ്ടയെയാണ് എത്തിക്കുക. തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി മറ്റ് മൃഗങ്ങളെയും എത്തിക്കും. ഓസ്‌ട്രേലിയയില്‍നിന്നും കങ്കാരുവിനെ എത്തിക്കുന്നതിന് ചര്‍ച്ച നടത്തി. ഗുജറാത്ത്, ഹിമാചല്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നും മൃഗങ്ങളെ എത്തിക്കുന്നതിന് ഡയറക്ടര്‍ ആര്‍. കീര്‍ത്തിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തുനിന്നു പരമാവധി മൃഗങ്ങളെ കൊണ്ടുവരാന്‍ നടപടിക്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. 2024 അവസാനത്തോടെ തന്നെ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി പൂര്‍ണമായി തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചന്ദനക്കുന്ന് 75 ഏക്കര്‍ ഉപയോഗപ്പെടുത്തി സവാരി പാര്‍ക്ക് സജ്ജമാക്കുന്നതിനുള്ള ഡി പി ആര്‍ തയാറാക്കുന്ന നടപടിയിലേക്ക് കടന്നതായും മന്ത്രി അറിയിച്ചു.
വയനാടില്‍നിന്നു എത്തിച്ച 'രുദ്രന്‍' എന്ന പേരിട്ട ആണ്‍കടുവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. പൂത്തൂര്‍ ചന്ദനകുന്ന് ഐസോലേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കടുവയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 18 ന് സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയില്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. തുടര്‍ന്ന് സാരമായി പരിക്കേറ്റ കടുവയെ ചികിത്സക്കായി മറ്റും 19നാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. നിലവില്‍ അപകടനില പിന്നിട്ടിട്ടുണ്ട്.
മുഖത്തേറ്റ മുറവിന് തുന്നലിട്ടെങ്കിലും അത് കടുവ തന്നെ പൊട്ടിക്കുന്ന സ്ഥിതിയാണ്. പൂര്‍ണമായും കടുവയുടെ ആക്രമണ സ്വഭാവം മാറിയിട്ടില്ല. കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ കൃത്യമായി പരിചരിച്ച് വരികയാണ്. അതേസമയം ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കൃത്യമായി പരിശോധന നടത്തുന്നുണ്ട്. മൂക്കിന് കുറുകെയുള്ള ആഴമേറിയ മുറിവും കാലുകളില്‍ ചതവും ഒടിവുമുണ്ട്. ഡിസംബര്‍ 21ന് വെറ്ററിനറി സര്‍വകലാശാലയിലെയും സൂ ആശുപത്രിയിലെ 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മൂന്ന് മണിക്കൂര്‍ സമയമെടുത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. മുറത്തെ മുറിവുകളും തുന്നിക്കെട്ടി. തുടര്‍ന്ന് മുറിവ് പകുതി കരിഞ്ഞ അവസ്ഥയിലാണ്. 1314 വയസ് പ്രായമെന്ന് കരുതുന്ന കടുവ നിലവില്‍ പ്രതിദിനം ഏഴ് കിലോ ബീഫ് വരെ ഭക്ഷിക്കുന്നുണ്ട്. ഒരു മാസത്തില്‍ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാലേ പരിക്കുക്കള്‍ പൂര്‍ണമായി ഭേദമാകൂവെന്നും മന്ത്രി വ്യക്തമാക്കി.