Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രിയാക്കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്ന് എം.വി.ശ്രേയാംസ്‌കുമാര്‍

സുല്‍ത്താന്‍ബത്തേരി-എന്‍.ഡി.എയുടെ ഭാഗമാകുന്നതിന് കേന്ദ്രമന്ത്രി പദവി ഉള്‍പ്പെടെ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വം തന്നിരുന്നുവെന്ന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍. മുത്തങ്ങയില്‍ ആര്‍.വൈ.ജെ.ഡി  സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചാരണം ശരിയില്ല.രാജ്യത്ത് ഏറ്റവും അവസാനം ബി.ജെ.പിയില്‍ ചേരുന്ന ആളായിരിക്കും താന്‍.  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ട് തവണത്തെ തൃശൂര്‍ സന്ദര്‍ശനം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍നിന്നു പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് തീരുമാനമെങ്കില്‍ മോഡി തൃശൂര്‍ മണ്ഡലം തെരഞ്ഞെടുക്കാനുള്ള സാധ്യത തള്ളാനാകില്ല. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം ആവശ്യമാണ്. ബലഹീനതകള്‍ പരിഹരിച്ച് ഇന്ത്യ മുന്നണിയെ ശക്തമാക്കണമെന്നും  ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
ആര്‍.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.റജീഷ്,  പി.കെ.അനില്‍കുമാര്‍, കെ.ടി.ഹാഷിം, കെ.എസ്.സ്‌കറിയ, നാസര്‍ മച്ചാന്‍,
കെ.കെ.ഹംസ  എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള  150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  സമാപനസമ്മേളനം  ഞായറാഴ്ച  ആര്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും.

Latest News