ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും പാർലമെന്റിൽ മതന്യൂനപക്ഷങ്ങളുടേതായ പ്രാതിനിധ്യത്തിലേയ്ക്കും കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റുന്നതിലും ഏറ്റവും വലിയ പങ്കു വഹിച്ച മഹാനായിരുന്നു അന്തരിച്ച സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദ മേനോൻ, പി.ടി. ചാക്കോ, ആർ. ശങ്കർ, ഇം.എം.എസ് നമ്പൂതിരിപ്പാട്, സി. അച്ചുതമേനോൻ തുടങ്ങി കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭമതികളായിരുന്ന രാഷ്ട്രീയ നേതാക്കളുടെ കാലഘട്ടത്തിൽ അവരോടൊപ്പം ആദരിക്കപ്പെട്ട രാഷ്ട്രീയ നേതാവും സാമുദായിക വിദ്യാഭ്യാസ പരിഷ്‌കർത്താവുമായിരുന്നു ബാഫഖി തങ്ങൾ. മന്നം, പട്ടം, ശങ്കർ, ചാക്കോ, ബാഫഖി തങ്ങൾ സിന്ദാബാദ് എന്നത് ആ കാലഘട്ടത്തിൽ ഉയർന്നു കേട്ട മുദ്രാവാക്യമായിരുന്നു. കേരളപ്പിറവിക്ക് മുമ്പും അതിന് ശേഷവുമുള്ള ആദ്യ രണ്ട് പതിറ്റാണ്ടു കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം ബാഫഖി തങ്ങളുടേതു കൂടിയാണ്. രാഷ്ട്രീയവും മതവും ഒന്നിച്ച് കൈകാര്യം ചെയ്യുകയും അവ രണ്ടിനെയും സമന്വയിപ്പിച്ച് സമൂഹത്തിൽ വിജയത്തിന്റെയും സാമൂഹ്യ ഉയർച്ചയുടെയും നന്മയുടെയും ഗാഥ രചിച്ചത് തങ്ങളുടെ സവിശേഷ നേട്ടങ്ങളുടെ ഭാഗമാണ്. കെ.എം. സീതി സാഹിബ്, പോക്കർ സാഹിബ്, ഉപ്പി സാഹിബ് കൂടാതെ അന്നത്തെ യുവകേസരികളായിരുന്ന സി.എച്ച്. മുഹമ്മദ് കോയ, സി.കെ.പി. ചെറിയ മമ്മുക്കേയി, എം.കെ. ഹാജി തുടങ്ങിയവരടങ്ങിയ ഒരു നേതൃനിരയായിരുന്നു ബാഫഖി തങ്ങളോടൊപ്പം ഉണ്ടായിരുന്നത്.
1906 ഫെബ്രുവരി 21 ന് കൊയിലാണ്ടി പന്തലായനി എന്ന സ്ഥലത്താണ് തങ്ങളുടെ ജനനം. ഓത്ത് പള്ളിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അറബിയിലും ഉറുദുവിലും വീട്ടിൽ വെച്ചുള്ള ട്യൂഷൻ വഴിയുള്ള വിദ്യാഭ്യാസവും നേടി. അതിന് ശേഷം മൂന്ന് വർഷക്കാലം പൊന്നാനിക്കടുത്തുള്ള വെളിയങ്കോട് പള്ളിയിൽ ദറസ് പഠനം. പന്ത്രണ്ടാം വയസ്സിൽ പിതൃസഹോദരന്റെ അരിക്കടയിൽ മാസം ഒരു രൂപ ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചു. 26 വയസ്സ് വരെ അവിടെ തുടർന്നു. അങ്ങനെ പതിനാല് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് അങ്ങാടിയിൽ സ്വന്തമായി അരിക്കച്ചവടം തുടങ്ങി. വിദേശങ്ങളിൽ നിന്നും കപ്പലുകളിൽ ധാരാളം അരിച്ചാക്കുകൾ എത്തിക്കൊണ്ടിരുന്നു. ഇവയൊക്കെ കോഴിക്കോട്ടെയും ലക്ഷദ്വീപിലെയും മാർക്കറ്റുകളിൽ വിറ്റഴിച്ചു. ഇതിനിടയിൽ കോഴിക്കോട്ടെ കോർട്ട് റോഡിൽ ഒരു കൊപ്ര സംഭരണ ശാല കൂടി ആരംഭിച്ചു. ബർമ തലസ്ഥാനമായ റങ്കൂണിൽ ബാഫഖി ആന്റ് കമ്പനി എന്ന പേരിൽ ഒരു ബിസിനസ് കേന്ദ്രം പ്രവർത്തിച്ചു. അങ്ങനെ ബിസിനസ് രംഗത്ത് തങ്ങൾ കൂടുതൽ ശ്രദ്ധേയനായി. ലോക മഹായുദ്ധ കാലത്ത് നാട്ടിൽ ഭക്ഷ്യക്ഷാമവും സാമ്പത്തിക ബുദ്ധിമുട്ടും പരക്കെ ഉണ്ടായ ഘട്ടത്തിൽ ഇതിന് ആശ്വാസ
മെന്ന നിലയിൽ പല ഭാഗങ്ങളിലും ന്യായവില ഷോപ്പുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇത് സമൂഹ മധ്യത്തിൽ തങ്ങളുടെ മഹിമ വർധിപ്പിച്ചു.
1934 ൽ സെൻട്രൽ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്താണ് തങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഗോദയിലേക്ക് കടന്നു വന്നത്. അബ്ദുറഹ്മാൻ സാഹിബും സത്താർ സേട്ടും സ്ഥാനാർഥികളായി വന്നപ്പോൾ ബാഫഖി തങ്ങൾ സേട്ടിനെ പിന്തുണയ്ക്കുകയും അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 1936 ൽ മദിരാശി നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോഴിക്കോട് റൂറൽ കുറുമ്പനാട് നിയോജക മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബാഫഖി തങ്ങൾ തന്റെ സഹോദരീ ഭർത്താവായിരുന്ന കോൺഗ്രസ് സ്ഥാനാർഥി ആറ്റക്കോയ തങ്ങൾക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായി. എതിർ സ്ഥാനാർഥിയായ മുസ്‌ലിം ലീഗിലെ അഡ്വ. പോക്കർ സാഹിബ് മദ്രാസ് ഹൈക്കോടതിയിലെ പ്രഗത്ഭ അഡ്വക്കറ്റും മലബാറിൽ നിന്നുള്ള ആദ്യത്തെ മുസ്‌ലിം നിയമ ബിരുദധാരിയുമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ബാഫഖി തങ്ങൾ പിന്തുണ നൽകിയ ആറ്റക്കോയ തങ്ങൾ വിജയിച്ചു.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗിന്റെ സ്വാധീനം വർധിച്ചു വരുവാൻ തുടങ്ങി. ലീഗ് നേതാക്കളായ കെ.എം. സീതി സാഹിബ്, സത്താർ സേട്ട്, കെ.എം. ബദരിക്കോയ ഹാജി എന്നിവരുടെ അഭ്യർത്ഥന മാനിച്ച് തങ്ങൾ ലീഗിൽ ചേർന്നു. 1942 ൽ കോഴിക്കോട് നഗരസഭ നോമിനേറ്റഡ് കൗൺസിൽ നിലവിൽ വന്നപ്പോൾ ബാഫഖി തങ്ങളും അതിൽ അംഗമായി. 1940 ഏപ്രിൽ 29 ന് കോഴിക്കോട്ട് നടന്ന ലീഗ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ ബാഫഖി തങ്ങളായിരുന്നു.
ലീഗിന്റെ കോഴിക്കോട് ടൗൺ കമ്മിറ്റി ട്രഷറർ പദമായിരുന്നു പാർട്ടിയിൽ തങ്ങളുടെ ആദ്യ പദവി. തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ചന്ദ്രിക 1946 ൽ കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ പ്രസാധക കമ്പനിയുടെ എം.ഡി സ്ഥാനം ഏറ്റെടുക്കുകയും മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ഇന്ത്യ വിഭജന കാലത്തെ തുടർന്ന് പാക്കിസ്ഥാനിലേക്ക് പോയ സത്താർ സേട്ടിന് പകരം തങ്ങൾ ലീഗ് മലാബാർ ജില്ല പ്രസിഡന്റായി. ഇന്ത്യ വിഭജനത്തെത്തുടർന്ന് പാർട്ടി വലിയ പ്രതിസന്ധികളെ നേരിട്ടപ്പോൾ ബാഫഖി തങ്ങളുടെ യുക്തിഭദ്രമായ ഇടപെടലുകളും ബുദ്ധിപൂർവകമായ നേതൃത്വവുമാണ് മുസ്‌ലിം ലീഗ് വീണ്ടും ശക്തിപ്പെടാൻ കാരണമായത്.
1952 ലെ ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് ബി. പോക്കർ സാഹിബും മദ്രാസ് അസംബ്ലിയിലേക്ക് അഞ്ച് എം.എൽ.എമാരും ലീഗിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ബാഫഖി തങ്ങളുടെ കരുത്തുറ്റ പ്രവർത്തന നേതൃത്വത്തിലാണ്, നാമാവശേഷമായെന്ന് പലരും ധരിച്ച മുസ്‌ലിം ലീഗിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്.
സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലും ബാഫഖി തങ്ങൾ സജീവമായി ഇടപെട്ടു. നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് സ്‌കോളർഷിപ്പ് ഏർപ്പെടുത്തി. ഫാറൂഖ് കോളേജ് പ്രൊഫസർ ആയിരുന്ന ടി. അബ്ദുല്ല, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയവർ ബാഫഖി തങ്ങളുടെ സാമ്പത്തിക സഹായം കൊണ്ട് പഠനം നടത്തിയവരിൽ പെടും. സമസ്തയുടെ ആരംഭം മുതൽ അതിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾ നേതൃപരമായ പങ്ക് വഹിച്ചു. പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ, കോഴിക്കോട് തർബിയത്തുൽ ഇസ്‌ലാം സഭ, ഹിദായത്തുൽ ഇസ്‌ലാം സഭ, വാഴക്കാട് ദാറുൽ ഉലൂം, പട്ടിക്കാട് ജാമിഅ നൂരിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും വളർച്ചയിലും കാര്യമായ ഇടപെടലുകൾ തങ്ങൾ നടത്തിയിട്ടുണ്ട്. 1951 ഓഗസ്റ്റ് 17 ന് വാളക്കുളത്ത് ചേർന്ന സമസ്ത മുഷാവറ യോഗത്തിൽ കേരളത്തിലെ പ്രാഥമിക മതവിദ്യാഭ്യാസത്തിന് ഐക്യരൂപം നൽകി വ്യവസ്ഥാപിതമായി നടത്തുന്നതിന് സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചു.
1972 ഏപ്രിൽ നാലിന് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ മരണത്തെത്തുടർന്ന് മദ്രാസിൽ നടന്ന യോഗത്തിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റായി സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങൾ തെരഞ്ഞടുക്കപ്പെട്ടു.
1973 ജനുവരി ഒന്നിന് തന്റെ ഇരുപത്തിരണ്ടാമത്തെ ഹജ് കർമം നിർവഹിക്കാൻ സി.കെ.പി ചെറിയ മമ്മിക്കേയിക്കൊപ്പം ബാഫഖി തങ്ങൾ മക്കയിലേക്ക് പുറപ്പെട്ടു. ഹജിന് നാല് ദിവസം മുമ്പ് അന്നത്തെ സൗദി ഭരണധികാരി ഫൈസൽ രാജാവ് ഏർപ്പെടുത്തിയ വിശിഷ്ടാതിഥികൾക്കുള്ള സൽക്കാരത്തിൽ പങ്കെടുത്തു. ജനവരി 18 ന് ക്ഷീണിതനായി കണ്ട തങ്ങളെ ഡോക്ടറെ വരുത്തി ചികിത്സ നടത്തിയെങ്കിലും രാത്രി 12 മണിയോടെ ബാഫഖി തങ്ങൾ ഒരു സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വിശുദ്ധ ഭൂമിയിൽ വെച്ച് ഈ ലോകത്തോട് വിട പറഞ്ഞു.