തലശ്ശേരി- ജ്വല്ലറി ജീവനക്കാരനില്‍ നിന്ന് 46 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് കോടതി തടവും പിഴയും വിധിച്ചു.കണ്ണൂര്‍ അലവില്‍ സ്വദേശി കിടാവിന്റെവിടെ വീട്ടില്‍ ജാങ്കോയെന്ന കെ.ഫവാദിനെയാണ് മൂന്ന് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും തലശ്ശേരി അഡീണല്‍ അസി.സെഷന്‍സ് കോടതി ജഡ്ജ് കെ.കെ രമ ശിക്ഷിച്ചത്.
2009 ഡിസംബര്‍ മൂന്നിന് രാത്രി കണ്ണൂര്‍ താവക്കര ബസ്റ്റാന്റിന് സമീപം വെച്ച് 12 അംഗം സംഘം തലശ്ശേരി ലുലു ഗോള്‍ഡിലെ ജീവനക്കാരന്റെ കയ്യില്‍ നിന്ന് 46 പവന്‍ കവര്‍ച്ച നടത്തിയെന്നായിരുന്നു കേസ്. കേസിലെ ഒന്നാം പ്രതിയായ റഹീഫ് കണ്ണൂര്‍ സിറ്റിയില്‍ വെച്ച് സംഭവ ശേഷം കൊല്ലപ്പെട്ടിരുന്നു. കേസിലെ 8,9,11 പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. മറ്റ് ഏഴ് പ്രതികളുടെ കേസ് കോടതി പിന്നീട് പ്രത്യേകമായി പരിഗണിക്കും. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.സി.പ്രകാശന്‍ ഹാജരായി.പ്രതി പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണം.