Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല,  നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയില്‍

ചെന്നൈ-തമിഴ്നാട്ടില്‍ ബിജെപി വിട്ട നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ.പളനിസാമിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കെ.അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു പറഞ്ഞായിരുന്നു പാര്‍ട്ടി തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന ഗായത്രി രാജി പ്രഖ്യാപിച്ചത്.
ബിജെപി നേതാവ് തിരുച്ചി സൂര്യ വനിതാ അംഗത്തോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണു പാര്‍ട്ടി നേതൃത്വവുമായി ഗായത്രി പരസ്യമായി ഉടക്കിയത്. പൃഥിരാജ് നായകനായ 'നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയില്‍ ഗായത്രി നായികയായി അഭിനയിച്ചിട്ടുണ്ട്.
ഗായത്രി രഘുറാം സിനിമയിലും എഐഎഡിഎംകെയിലും കുടുംബത്തിലെ മൂന്നാം തലമുറയെ പ്രതിനിധീകരിക്കുന്നു. മുത്തച്ഛന്‍ സംവിധായകന്‍ കൃഷ്ണസ്വാമി സുബ്രഹ്മണ്യം, അച്ഛന്‍ കൊറിയോഗ്രാഫര്‍ രഘുറാം എന്നിവര്‍ എഐഎഡിഎംകെയുമായി അടുപ്പത്തിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
''1930-കളിലെ സംവിധായകനായ എന്റെ മുത്തച്ഛന്‍ കെ. സുബ്രഹ്മണ്യം എംജിആര്‍ അയ്യയുമായി (സാര്‍) വളരെ അടുത്തയാളായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തെ അറിയാമായിരുന്നു. ജയലളിത അമ്മയ്ക്ക് വേണ്ടി, എന്റെ അച്ഛന്‍ രഘുറാം ധാരാളം ഷോകളും പ്രചാരണങ്ങള്‍  നടത്തി-അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News