കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി

കണ്ണൂര്‍- കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഷണ്ടിങ്ങിനിടെയാണ് സംഭവം. അവസാനത്തെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാര്‍ കയറുന്നതിനു മുമ്പ് ആയതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നു രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. 4.40ഓടെയാണ് അവസാനത്തെ രണ്ട് ബോഗികളില്‍ പാളം തെറ്റിയത്. ശേഷം മറ്റ് ഭാഗങ്ങളെല്ലാം ട്രാക്കില്‍ എത്തിച്ച് ഒന്നര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. പ്രധാന ലൈനില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രാക്കില്‍ കുടുങ്ങിയ രണ്ട് ബോഗികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

Latest News