ന്യൂഡൽഹി - കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാമെന്ന് കൊളീജിയം ശിപാർശ. പട്ടികജാതി വിഭാഗക്കാരായ ഹൈക്കോടതി ജഡ്ജിമാരിൽ ഏറ്റവും സീനിയറും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് പ്രസന്ന ബി വരാലേയെന്ന് സുപ്രീംകോടതി കൊളീജിയം വിലയിരുത്തി.
നിയമമേഖലയിലെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗഹനമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ച ജസ്റ്റിസ് പ്രസന്ന വരാലേയുടെ സേവനം സുപ്രീംകോടതിക്ക് മുതൽക്കൂട്ടാവുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗം അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് സഞ്ജയ് കിഷൻകൗൾ ഡിസംബർ 25ന് വിരമിച്ച ഒഴിവിലേക്കാണ് കൊളീജിയം പുതിയ നിയമന ശിപാർശ നൽകിയത്. ജസ്റ്റിസ് പ്രസന്ന വരാലേയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്ന സാഹചര്യത്തിൽ കർണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് പി.എസ് ദിനേശ്കുമാറിനെ നിയമിക്കാനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.