ഗ്വാളിയോര്‍- അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ശ്രീരാമനെ അപമാനിച്ചതിന് ഗ്വാളിയോര്‍ സ്വദേശിക്കെതിരെ കേസെടുത്തു.
പോസ്റ്റര്‍ കീറുന്നതും യുവാവ് അശ്ലീല പദപ്രയോഗം നടത്തുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ പ്രകോപിതരായ ഹിന്ദു സേനയും മറ്റ് ഹിന്ദുത്വ സംഘടനകളും പോലീസിനെ സമീപിച്ചു.
ഹിന്ദു സേന നേതാവ് ഛോട്ടു കുശ്‌വാഹ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ കണ്ടെത്താന്‍ പോലീസ് സോഷ്യല്‍ മീഡിയ ഏജന്‍സികള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റ് ഹിന്ദു സേനാ നേതാവ് ഗ്വാളിയോര്‍ എസ്.പി രാജേഷ് സിംഗ് ചന്ദേലിനെ കാണിച്ചു.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ പരിപാടിയുടെ പോസ്റ്റര്‍ യുവാവ് കീറുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ വൈറലായത്. ഗോപാല്‍ രാവണ്‍ എന്ന പേരിലുള്ള ഐഡിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ ഐഡിയില്‍ ജയ് ഭീം എന്ന് എഴുതിയിട്ടുമുണ്ട്.
പോസ്റ്റ് വൈറലാക്കിയ വ്യക്തിക്കെതിരെ ഹിന്ദുസേന ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. അതിനിടെ, പ്രാഥമിക അന്വേഷണത്തില്‍ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഗ്വാളിയോര്‍ എസ്.പി അഭ്യര്‍ത്ഥിച്ചു.