ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ അടുത്ത ഞായറാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശം. അടുത്ത ഞായറാഴ്ചക്കുള്ളില്‍  കീഴടങ്ങാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമയം നീട്ടി നല്‍കണമെന്ന പ്രതികളുടെ ഹര്‍ജി തളളിയ കോടതി പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് കൊണ്ടാണ് ഇത് സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.  ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 11 പ്രതികളുടെയും ജീവപര്യന്തം ശിക്ഷ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു.  ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനുവും സി പി എം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. ഗുജറാത്ത് സര്‍ക്കാറിന് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ അധികാരമില്ലെന്നും മഹാരാഷ്ട്രയിലാണ് വിചാരണ നടന്നതെന്നതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാറിനാണ് അതിന് അധികാരമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

 

Latest News