Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഗെയിമിന്റെ പാസ്‌വേര്‍ഡ് പങ്കിടാന്‍ തയ്യാറായില്ല, 18 വയസ്സുകാരനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

മുര്‍ഷിദാബാദ് (ബംഗാള്‍)- കൂട്ടുകാര്‍ക്ക് ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്സ്വേര്‍ഡ് ഷെയര്‍ ചെയ്യാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 18 വയസ്സുകാരനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക ശേഷം മൃതദേഹം കത്തിച്ച് കാട്ടില്‍ തള്ളുകയായിരുന്നു. പ്രതികളെ പോലീസ് പിടികൂടി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പപ്പായി ദാസ് (18) ആണ് മരിച്ചത്. ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതാവുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, ജനുവരി 15ന് കാട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫറാക്കയിലെ ഫീഡര്‍ കനാലില്‍ നിശീന്ദ്ര ഘട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ  ചുരുളഴിയുന്നത്. പപ്പായി ദാസും നാല് സുഹൃത്തുക്കളും ഫറാക്ക ബാരേജിന്റെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്നു. ജനുവരി എട്ടിനും ഇവര്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു. എന്നാല്‍ തന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്വേഡ് സുഹൃത്തുക്കള്‍ക്കായി പങ്കിടാന്‍ പപ്പായി ദാസ് വിസമ്മതിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Latest News