പാലക്കാട് - ദേഷ്യം കാണിക്കലൊക്കെ സിനിമയില്‍ മതിയെന്നും പോലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങളോടുള്ള പോലീസിന്റെ 'എടാ, പോടാ, നീ' വിളികള്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്നും പോലീസ് മേധാവിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും കോടതി ഓര്‍മിപ്പിച്ചു. ആലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. അപകടത്തില്‍പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോടു പോലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആരും ആരുടെയും താഴെയല്ല, ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കി. ആരോപണ വിധേയനായ എസ് ഐ വിആര്‍ റിനീഷിനെ താക്കീതോടെ സ്ഥലം മാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും ഡി ജി പി വിശദീകരിച്ചു. തുടര്‍ നടപടികളിലെ പുരോഗതി വിലയിരുത്താന്‍ ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.