Sorry, you need to enable JavaScript to visit this website.

VIDEO- കേരളത്തിലെ ഏറ്റവും വലിയ കുമ്പഴ ബസ് അപകടത്തില്‍ സാരമായി പരിക്കേറ്റ അവസാനത്തെ ആളും വിടവാങ്ങി

നാണു
അപകട വളവ് 

പത്തനംതിട്ട-കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടത്തില്‍ പ്പെട്ട് വര്‍ഷങ്ങളോളം കിടപ്പു രോഗിയായി മാറിയ മലയാലപ്പുഴ കടവുപുഴ അനകല്ലില്‍ നാണുവും വിടവാങ്ങി. അപകടം കഴിഞ്ഞ് 45 കൊല്ലത്തെ നരകയാതനക്ക് ശേഷം 98 -ാം വയസിലാണ് നാണു വിടചൊല്ലിയത്. അപകടം ഏല്‍പ്പിച്ച ക്ഷതം ജീവിതത്തെയും ശരീരത്തെയും ഒരു പോലെ തളര്‍ത്തി. എങ്കിലും ആയുസ്സിന്റെ ബലം കൊണ്ട് കഴിഞ്ഞു പോന്ന നാണു ഈ ദുരന്തത്തിലെ അവസാന ശയ്യാവലംബിയായിരുന്നു.

1979 മാര്‍ച്ച് 30. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാവിലെ എട്ടരക്ക് പോകേണ്ട പുതുക്കുളം - പത്തനംതിട്ട കെ.എസ്.ആര്‍.ടിസി ബസ് ട്രിപ്പ് മുടക്കി. തൊട്ടുപിന്നാലെ വന്നത് കൊല്ലത്തെ മോട്ടോര്‍ സഹകരണ സംഘത്തിന്റെ ഉടമസ്ഥതിയില്‍ പുതുക്കുളം - ഓച്ചിറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കോ മോസ് ബസ്.മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷനില്‍ എത്തിയപ്പോള്‍ തന്നെ യാത്രക്കാര്‍ നിറഞ്ഞു കവിയുന്ന സ്ഥിതിയില്‍. എങ്കിലും വണ്ടിയില്‍ നിരവധി പേര്‍ കയറി.മലയാലപ്പുഴ ക്ഷേത്ര കയറ്റംകഴിഞ്ഞാല്‍ നിരപ്പ് റോഡാണ് .പിന്നീട് മയിലാടുംപാറ മുതല്‍ കുമ്പഴ വരെ ഇടുങ്ങിയ ഇറക്കവും. ഇറക്കം പകുതിയായപ്പോള്‍ ബസിന്റെ ബ്രേക്ക് നഷ്ടമായി. ൈഡ്രവര്‍ ഇക്കാര്യം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.  വഴിയാത്രക്കാരെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചു.അപ്പോഴേക്കും കുമ്പഴയിലെ വലിയ വളവായ കണി കുന്നില്‍ പടിയിലെത്തി .ബസ് വളവ് നിവര്‍ന്നില്ല. നേരെ മരത്തിലും മതിലിലുമായി ഇടിച്ചു നിന്നു. യാത്രക്കാര്‍ക്ക് ഒന്ന് ഉച്ചത്തില്‍ കരയാന്‍ പോലും പറ്റാതെ ഞെരിഞ്ഞമര്‍ന്നു.കാരണം യാത്രക്കാരുടെ എണ്ണം 156 ആയിരുന്നു.അപകടം ഉണ്ടായതറിഞ്ഞപ്പോള്‍ തന്നെ ജീപ്പിലും അംബാസിഡര്‍ കാറിലുമായി മൃതപ്രായരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട താലൂക്ക്. കൊല്ലം ജില്ലാകളക്ടറുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഈ സമയമാണ് ഞെട്ടിക്കുന്ന മരണ സംഖ്യ പുറത്തുവന്നത്.34 പേര്‍ തല്‍ക്ഷണം മരിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പന്ത്രണ്ടും.. അങ്ങനെ കേരളത്തിലെ ബസ് അപകടങ്ങളിലെ ഏറ്റവും വലിയ ദുരന്തമായി കുമ്പഴ ഇടം പിടിച്ചു
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പയനിയര്‍ കോളേജ് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, മലയാലപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ എന്നിവരാണ് മരണമടഞ്ഞത്.മരിച്ചവരില്‍ഏറെപ്പേരും മലയാലപ്പുഴക്കാര്‍ ആയിരുന്നു.മലയാലപ്പുഴ, താഴം, ഇലക്കുളം, കടുവാക്കുഴി, നല്ലൂര്‍, വള്ളിയാനി, വടക്കുപുറം കിഴക്കുപുറം, കോഴി കുന്നം, മുക്കുഴി, കടവുപുഴ സ്വദേശികള്‍. അപകടത്തെ തുടര്‍ന്ന് വിറങ്ങലിച്ചു പോയ ഒരു ഗ്രാമം. കെ.എസ്.ആര്‍, ടി. സി പുതുക്കുളം -കോട്ടയം മെഡിക്കല്‍ കോളേജ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഉടന്‍ ആരംഭിച്ചു. തകര്‍ന്ന മനസ്സോടെ എല്ലാം നഷ്ടപ്പെട്ടവര്‍, അപകടത്തില്‍ വൈകല്യം സംഭവിച്ചവരെല്ലാം വര്‍ഷങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് ബസിലെ സ്ഥിരം യാത്രക്കാരായി .ചിലര്‍ പരിക്കുകളെ അതിജീവിച്ചു. ചിലര്‍ കട്ടിലില്‍ ജീവിതം തള്ളിനീക്കി ലോകത്തോട് യാത്ര പറഞ്ഞു. അത്തരത്തില്‍ ദുരന്തങ്ങളില്‍ ജീവിതം കഴിച്ചുകൂട്ടിയ നാണുവും വിടവാങ്ങുമ്പോള്‍ ബസ്ദുരന്തത്തില്‍പ്പെട്ട് വലിയ ദുരിതം അനുഭവിച്ചവര്‍ മലയാലപ്പുഴയില്‍ ഇല്ലാതാവുമ്പോഴും റോഡിന് വീതി കൂടിയെങ്കിലും ആ വളവ് നിവര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലും പ്രധാനമായി ചൂണ്ടി കാട്ടിയത് വളവ് നിവര്‍ക്കുക എന്നതായിരുന്നു.പതിവു കമ്മീഷന്‍ റിപ്പോര്‍ട്ടു പോലെയായി ഇതും പാഴായി.

 

 

Latest News