ഹാസൻ(കർണാടക)- സംസ്ഥാനത്ത് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പങ്കുവെച്ച് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്ത്. നിങ്ങളുടെയെല്ലാം അനുഗ്രഹമുണ്ടെങ്കിൽ ഇനിയും മുഖ്യമന്ത്രിയാകാൻ തനിക്ക് കഴിയുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. താൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാൻ പ്രതിപക്ഷം കൈകോർത്തുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റിട്ടുണ്ടാകാം. പക്ഷെ നിങ്ങളുടെയൊക്കെ അനുഗ്രഹമുണ്ടെങ്കിൽ ഒരിക്കൽ കൂടി എനിക്ക് മുഖ്യമന്ത്രിയാകാനാകും. ജാതിയും പണവുമാണ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വരുമെന്നും താൻ മുഖ്യമന്ത്രിയാകുമെന്നും കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. രാഷ്ട്രീയത്തിൽ തോൽവിയും വിജയവുമെല്ലാം സാധാരണയാണ്- സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും ഇനി മത്സരിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഇതിന് നേരെ വിപരീതമാണ് ഇന്ന് പുറത്തുവന്ന സിദ്ധരാമയ്യയുടെ പ്രസ്താവന. നിലവിൽ കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവും ജെ.ഡി.യു-കോൺഗ്രസ് സഖ്യത്തിന്റെ ചെയർമാനുമാണ് സിദ്ധരാമയ്യ. മെയ് 12ന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ സിദ്ധരാമയ്യ മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്.






