വാഷിംഗ്ടണ്‍- അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ യു. എസ്. സെനറ്റില്‍ തയ്യാറാകുന്ന കുടിയേറ്റ കരാറിലെ കര്‍ക്കശമായ ചില വ്യവസ്ഥകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെക്കന്‍ അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് നിര്‍ബാധം അഭയം നല്‍കുന്നത് നിയന്ത്രിക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.
കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഇതുവരെ രണ്ട് നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ യുക്രെയ്ന്‍, ഇസ്രാഈല്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണ ആവശ്യമുണ്ട്. ഇതിന് കുടിയേറ്റ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ജോ ബൈഡന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഡെമോക്രാറ്റുകളിലെ ഇടതുപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
കുടിയേറ്റം കൈകാര്യം ചെയ്യുന്നതില്‍ ബൈഡന്‍ പരാജയമാണെന്ന അഭിപ്രായം അടുത്തിടെ നടന്ന സര്‍വേയില്‍ 68 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രസിഡന്റ് കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കണമെന്നും 63 ശതമാനം പേര്‍ പറഞ്ഞിരുന്നു.