വഡോദര - ഗുജറാത്തിലെ വഡോദരയില്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. പതിനാല് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. ഹര്‍ണി തടാകത്തിലാണ് ബോട്ട് അപകടമുണ്ടായത്. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തില്‍ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്‌കൂളിലെ 27 പേര്‍ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേര്‍ കുട്ടികളും നാലുപേര്‍ അധ്യാപകരുമാണ്. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. തെരച്ചിലിനും മറ്റ് നടപടികള്‍ക്കും പ്രാദേശിക ഭരണകൂടത്തിന്റെ പൂര്‍ണ്ണസഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബോട്ടില്‍ പരിധി കവിഞ്ഞ് ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമെന്ന് വഡോദര എം എല്‍ എ ഷൈലേഷ് മെഹ്ത പറഞ്ഞു.