Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര പ്രതിഷ്ഠ ദീപാവലി പോലെ ആഘോഷിക്കണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂദല്‍ഹി- രാമക്ഷേത്ര ഉദ്ഘാടനം ദീപാവലി  പോലെ ആഘോഷിക്കണമെന്ന പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു. വീടുകളില്‍ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയുമാണ് ആഘോഷം നടത്തേണ്ടതെന്നും മോഡി ആഹ്വാനം ചെയ്തു. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കുന്ന ഈ മാസം 22ന് എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അര്‍ധദിന അവധി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച നോട്ടീസ് പേഴ്‌സണല്‍ മന്ത്രാലയം ഇന്നലെ പുറത്തിറക്കി. പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കുന്ന അടുത്ത തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുപ്പത് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് കീഴിയിലുള്ള ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കാണ് അര്‍ദ്ധദിന അവധി.
അയോധ്യയിലെ രാംലല്ല പ്രണ പ്രതിഷ്ഠ ജനുവരി 22 ന് രാജ്യത്തുടനീളം ആഘോഷിക്കും. ജീവനക്കാരെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നതിന്, ഇന്ത്യയിലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും അന്നേ ദിവസം ഉച്ചക്ക് 2.30 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി ഓഫീസ് മെമ്മൊറാണ്ടത്തില്‍ പറയുന്നു. ചടങ്ങ് നടക്കുന്ന ദിവസം രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ അലങ്കാര വിളക്കുകളും പൂക്കളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയും ആര്‍.എസ്.എസും രാഷ്ട്രീയ വത്കരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കെടിയാണ് വിഷയം സര്‍ക്കാര്‍ ഏറ്റെടുത്ത് അവധിയടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള വ്രതം പ്രധാനമന്ത്രി ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 11 ദിവസത്തെ വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറയിലാണ് ഉറങ്ങുന്നത്. കരിക്കിന്‍ വെള്ളം മാത്രമാണ് കുടിക്കുക. സൂര്യോദയത്തിന് മുമ്പുള്ള ഒരു ശുഭ സമയത്ത് എഴുന്നേല്‍ക്കും, ധ്യാനം, സാത്വികമായ ഭക്ഷണം കഴിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം തന്റെ ദൈനംദിന ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 12 ന് വൃതത്തിന്റെ തുടക്കം മോദി പ്രഖ്യാപിച്ചിരുന്നു.
ചടങ്ങിനായുള്ള നടപടികള്‍ അയോധ്യയില്‍ പുരോഗമിക്കുകയാണ്. വലിയ ജനക്കൂട്ടത്തെയാണ് ഈ മാസം 22നും അതിന് ശേഷവും അയോധ്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മുസ്‌ലിം പക്ഷത്തിന് മസ്ജിദ് നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് ലഭിച്ച ഭൂമിയില്‍ മസ്ജിദിന്റെ നിര്‍മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല.

ഈ വാർത്തകൾ കൂടി വായിക്കുക

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍

സൗദിയില്‍ പ്രവാസി യുവാവിനെ ലൈംഗികമായി ഉപദ്രവിച്ച നാലു പേര്‍ പിടിയില്‍

ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍

Latest News