ന്യൂഡൽഹി - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് 22ന് സർക്കാർ ജീവനക്കാർക്ക് അർധ അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുന്നതിനായാണ് അവധി അനുവദിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെയാണ് അവധി ബാധകമാവുക. ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അവധി പ്രഖ്യാപനത്തോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്ഷേത്രപ്രതിഷ്ഠയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്് പ്രധാനമന്ത്രി മന്ത്രിമാരോട് വിവരങ്ങൾ തേടിയിരുന്നു. പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ വിളക്ക് കൊളുത്താനും പാവപ്പെട്ടവർക്ക് ഭക്ഷണം നല്കാനും മന്ത്രിമാർക്ക് നിർദേശം നൽകിയതായാണ് വിവരം. ദീപാവലി പോലെ ആഘോഷിക്കണം. ജനുവരി 22ന് ശേഷം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമ്പോൾ സ്വന്തം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്ക് അയോധ്യയിലേക്ക് യാത്ര നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകി.