ഇറാന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍, ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍

ഇസ്ലാമാബാദ്- പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായ ഇറാനില്‍ പാക് മിസൈല്‍ ആക്രമണം. കഴിഞ്ഞ ദിവസം പാകസ്ഥാനിലെ ജയ്‌ശെ അല്‍ അദ്ല്‍ സംഘനടയുടെ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പാക് മണ്ണില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനിലെ ഭീകര കേന്ദങ്ങളെന്ന് ആരോപിച്ച് പാകിസ്ഥാന്റെ ആക്രമണമെന്ന്  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബലൂചി തീവ്രവാദ സംഘടനയായ ജെയ്‌ശെ അല്‍ അദ്ല്‍ ആസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു ഇറാന്റെ ആക്രമണം.

ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തീവ്രവാദ സംഘടനയുടെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ഇറാന്‍ സൈന്യം പറയുന്നത്.
തെഹ്റാനിലെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ മടക്കി വിളിച്ചു. പാക്കിസ്ഥാനിലെ ഇറാന്‍ നയതന്ത്ര പ്രതിനിധിയെയും പാക്കിസ്ഥാന്‍ പുറത്താക്കി. ഇറാനിലേക്കുള്ള ഉന്നത തല സന്ദര്‍ശനങ്ങളെല്ലാം പാക്കിസ്ഥാന്‍ റദ്ദാക്കി. നേരത്തെ ആസൂത്രണം ചെയ്ത സന്ദര്‍ശനങ്ങളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായവ ആണ് റദ്ദാക്കിയിരിക്കുന്നത്. തീവ്രവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്.  ഇറാനുമായി ഏറ്റവും അടുത്ത ബന്ധത്തിലായിരുന്നു പാക്കിസ്ഥാന്‍.
ഇറാനില്‍ സൈനികര്‍ക്ക് നേരെ ആക്രമണം പതിവാക്കിയ  ഗ്രൂപ്പാണ് ജയ്‌ശെ അല്‍-അദല്‍. ബലൂചിസ്ഥാന്റെയും അവിടത്തെ ജനങ്ങളുടെയും പൂര്‍ണമോചനമാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സലാഹുദ്ദീന്‍ ഫാറൂഖിയാണ് ഇപ്പോഴത്തെ തലവന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ അമീര്‍ നറൂയിയെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൊലപ്പെടുത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം

 

Latest News