പനാജി- മോഷണക്കുറ്റത്തിന് കോളേജില്‍ നിന്നും ഡീബാര്‍ ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളുടെ ശിക്ഷ ഇളവ് ചെയ്ത് ഗോവ ഹൈക്കോടതി. ഡീബാര്‍ ഒഴിവാക്കണമെന്നും പകരം രണ്ട് മാസം സമൂഹ സേവനം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. രണ്ടു മാസത്തോളം ദിവസവും രണ്ട് മണിക്കൂര്‍ ഗോവയിലെ ഒരു വൃദ്ധസദനത്തിലാണ് ഇവര്‍ ജോലി ചെയ്യേണ്ടത്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ (ബിറ്റ്‌സ്) വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈക്കോടതി നല്ല നടപ്പിനുള്ള ശിക്ഷ വിധിച്ചത്. വിദ്യാര്‍ത്ഥികളെ മോഷണകുറ്റത്തിന് സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും കോളേജ് പാനല്‍ വിലക്കിയിരുന്നു.
2023 നവംബറില്‍ കോളേജ് ക്യാമ്പസില്‍ നടന്ന കോണ്‍ഫറന്‍സിനിടെ ഹര്‍ജിക്കാരായ രണ്ടുപേരുള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ പൊട്ടറ്റോ ചിപ്‌സ്, ചോക്ലേറ്റുകള്‍, സാനിറ്റൈസറുകള്‍, പേനകള്‍, നോട്ട്പാഡുകള്‍, സെല്‍ഫോണ്‍ സ്റ്റാന്‍ഡുകള്‍, രണ്ട് ഡെസ്‌ക് ലാമ്പുകള്‍, മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകള്‍ എന്നിവ മോഷ്ടിച്ചതായാണ് കോളേജിന്റെ ആരോപണം. പിടിക്കപ്പെട്ടന്ന് മനസിലായതോടെ ഭക്ഷണസാധനങ്ങളും മറ്റും സ്റ്റാളില്‍ ഉപേക്ഷിച്ചു. പക്ഷേ അധികൃതര്‍ ഇവരെ കൈയ്യോടെ പൊക്കി. ഇതോടെ സാധനങ്ങള്‍ തിരികെ നല്‍കുകയും മോഷ്ടിച്ചതിന് രേഖാമൂലം മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ അഞ്ച് വിദ്യാര്‍ത്ഥികളെയും ഒന്നാം സെമസ്റ്ററില്‍ നിന്ന് ഡീബാര്‍ ചെയ്തു.
മോഷണക്കുറ്റം ആരോപിക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നല്‍കിയ അപ്പീലില്‍ മൂന്ന് പേരുടെ പിഴ അപ്പീല്‍ അതോറിറ്റി ഒഴിവാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളെ മോഷ്ടാക്കളായി മുദ്രകുത്താന്‍ കോളേജ് ഇറങ്ങിയെന്നത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു.
സാധാരണയായി, ഒരു സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതികള്‍ ഇടപെടാന്‍ കാലതാമസം കാണിക്കണം എന്ന നിയമമുണ്ട്. എന്നാല്‍ ഒരേ കുറ്റം ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രണ്ട് നിലപാടെടുത്ത് വിവേചനം കാണിച്ച കോളേജിന്റെ സമീപനം മൂലം ആ വാദം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. വിദ്യാര്‍ത്ഥികളുടെ ഭാവിയും തുടര്‍പഠന സാഹചര്യങ്ങളും കണക്കിലെടുത്ത് വിലക്ക് റദ്ദാക്കണമെന്നും മറിച്ച് ശിക്ഷയായി വിദ്യാര്‍ത്ഥികള്‍ രണ്ടു മാസം സമൂഹസേവനം നടത്തണമെന്നും കോടതി വിധിക്കുകയായിരുന്നു.