Sorry, you need to enable JavaScript to visit this website.

പണപ്പിരിവിനെ ചൊല്ലി കോട്ടക്കൽ ബി.ജെ.പിയിൽ ചേരിപ്പോര്

കുറ്റിപ്പുറം- കോട്ടക്കൽ നിയോജക മണ്ഡലത്തിൽ ബി.ജെ.പിയിൽ കടുത്ത ചേരിപ്പോര്. ഒരു വിഭാഗം കൂട്ടരാജിക്ക് ഒരുങ്ങുന്നു. 
ബി.ജെ.പി ഓഫീസ് നിർമ്മാണത്തിനായി സ്ഥലം വാങ്ങാൻ പിരിച്ച പണം ഒരു സംഘം അടിച്ചുമാറ്റിയെന്ന് ആരോപണമുയർത്തിയാണ് കലാപം ഉയർന്നിരിക്കുന്നത്. ആറു വർഷം മുമ്പ് പിരിച്ച പണം എവിടെ എന്നതിനെപ്പറ്റി വ്യക്തമായ മറുപടി പറയാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ് എന്നാണ് ആരോപണം. 
ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിത്തേലത്തിന് പരാതി നൽകി ഏറെ കഴിഞ്ഞിട്ടും പരിഹാരമാകാത്തതോടെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. ബിസിനസ്സുകാരിൽ നിന്നും, നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ പിരിച്ചവർ തന്നെ കയ്യിൽ വച്ചിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു കൂട്ടർ കൂട്ടരാജിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ ഡിസംബർ 30ന് പണം കൈമാറും എന്ന് നേതൃത്വത്തെ അറിയിച്ചതാണെങ്കിലും അത് ഉണ്ടായില്ലെന്ന് സംസ്ഥാന നേതൃത്വത്തെ വീണ്ടും ധരിപ്പിച്ചിട്ടുണ്ട്. 
സംസ്ഥാന സംഘടന സെക്രട്ടറി എ.നാഗേഷിന് നേരിൽ കണ്ട് പരാതി നൽകിയിട്ടും പരിഹാരമാകാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് പണം പിരിച്ചതെന്ന് സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇവർക്കെതിരെ നടപടി സ്വീകരിക്കാനോ പണം തിരിച്ചു വാങ്ങി പാർട്ടി ഓഫീസ് നിർമ്മാണം നടത്താനോ നേതൃത്വം ആറു വർഷമായിട്ടും തയ്യാറാകാത്തത് പരാതിക്കാരെ കൂടുതൽ രോഷാകുലരാക്കിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞദിവസം ചേർന്ന യോഗം എത്തിച്ചേർന്നിരിക്കുന്നത്. സംസ്ഥാന നേതൃത്വം പണം പിരിച്ചവരോട് വിശദീകരണം പോലും ചോദിക്കാതെ കാലം കഴിച്ചു കൂട്ടുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

Latest News