ഇസ്ലാമാബാദ്- വ്യോമാതിര്‍ത്തി പ്രകോപനമില്ലാതെ ലംഘിച്ചതിന് പിന്നാലെ ഇറാന്റെ അംബാസഡറെ പാകിസ്താന്‍ പുറത്താക്കി. ഇറാനിലെ അംബാസഡറെ പാകിസ്ഥാന്‍ തിരിച്ചുവിളിക്കുകയും ചെയ്തു.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഇറാന്‍ നേരിടേണ്ടി വരികയെന്ന് ഇതേ തുടര്‍ന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകള്‍ ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ബലൂചിസ്ഥാനിലേക്കും മിസൈല്‍ തൊടുത്തത്.
ഇറാന്റെ ചാര്‍ജ് ഡി അഫയേഴ്സിനെ ഇസ്ലാമാബാദ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തുകയും വ്യോമാതിര്‍ത്തി ലംഘിച്ചതിനെ ശക്തമായി അപലപിക്കുകയും ചെയ്തതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. പിന്നാലെ പുറത്താക്കുകയായിരുന്നു.