കണ്ണൂർ- വിവാഹ ഘോഷയാത്രക്കിടെ കണ്ണൂർ വാരത്ത് ആഭാസ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ നവവരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. വളപട്ടണം മന്നയിലെ മുഹമ്മദ് റിസ്വാൻ (26), സുഹൃത്തുക്കളായ ഫയാസ് (32), ഇല്ല്യാസ് (31) എന്നിവരെയാണ് ചക്കരക്കൽ സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ 25 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹ ആഭാസം അരങ്ങേറിയത്. അലങ്കരിച്ച ഒട്ടകപ്പുറത്ത് നിക്കാഹിന്റെ പിറ്റേന്ന് വരനും കൂട്ടരും വന്ന വഴി മുഴുവൻ ആഭാസത്തരങ്ങൾ നടന്നുവെന്നായിരുന്നു ആരോപണം. ഫ്രീക്കൻമാരും കാതടപ്പിക്കുന്ന ബാന്റ് വാദ്യവുമായിട്ടായിരുന്നു വരന്റെ എഴുന്നള്ളത്ത്. ഇതിനിടെ കണ്ണൂർ എയർപോർട്ട് റോഡ് ഗതാഗതം തടസ്സപ്പെടുകയും നാട്ടുകാരും പോലീസും ഇടപെടുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുനിരത്തിൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും മാർഗതടസ്സമുണ്ടാക്കിയെന്നതിനാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
അതിനിടെ, വിവാഹങ്ങളുടെ മറവിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ആർഭാടങ്ങളും തോന്ന്യാസങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയാൻ പോലീസ് നടപടി ശക്തമാക്കി. ഇനി ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വരനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയും വലിയ പിഴയുമുണ്ടാവും. വരനു പുറമെ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ഖത്തീബ്, എന്നിവർക്കെതിരെയും കേസ് ഉണ്ടാവും. അന്വേഷണത്തിൽ ഇവർ കുറ്റക്കാർ അല്ലെന്നു തെളിഞ്ഞാൽ ഇവരെ സാക്ഷികളാക്കും. ഇനി ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പോലീസിനു പുറമെ ആദായ നികുതി വകുപ്പും രംഗത്ത് വരും. ആർഭാട വിവാഹ ചെലവ് സംബന്ധിച്ചു മുഴുവൻ ചെലവ് കണക്കുകളും ഇവർക്കു നൽകേണ്ടി വരും.
മുസ്‌ലിം കല്യാണങ്ങളിലാണ് കൂടുതലായി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികൾ നടക്കുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. നേരത്തെ മത പുരോഹിതരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ ഇടപെട്ട് ഇത്തരം പ്രവൃത്തികൾ തടഞ്ഞിരുന്നു. എന്നാൽ ഈ പ്രവണത വീണ്ടും തലപൊക്കുന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്.
നേരത്തെ പുതിയാപ്പിളയെ ശവപ്പെട്ടിയിൽ കൊണ്ടുപോയ സംഭവം കണ്ണൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിവാഹത്തിലും പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ കണ്ണൂരിലെ വാരത്തു വീണ്ടും തോന്ന്യാസ കല്യാണം ഉണ്ടായിരിക്കുകയാണ്. വരനെ ഒട്ടകപ്പുറത്ത് കയറ്റിയും, ഹോളി കളർ അടിച്ചും, പടക്കങ്ങൾ നിരന്തരം പൊട്ടിച്ചും, ബാൻഡ്, ചെണ്ട, പഞ്ച വാദ്യങ്ങൾ ഉപയോഗിച്ച് നൃത്തം ചവിട്ടി മണിക്കൂറുകളോളം ദേശീയ പാതയിൽ വാഹന സ്തംഭനം നടത്തി എന്നാണ് പോലീസ് കേസ്. രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസും മട്ടന്നൂർ എയർപോർട്ടിൽ പോകേണ്ട യാത്രക്കാരും ഇവരുടെ തോന്ന്യാസത്തിൽ കുടുങ്ങി.