വാഷിംഗ്ടണ്‍- റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി ലക്ഷ്യമിടുന്നത് ട്രംപ് പ്രസിഡന്റായാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം. ട്രംപുമായി വേദി പങ്കിട്ട ന്യൂ ഹാംഷെയറില്‍ ജനക്കൂട്ടം വിവേക് രാമസ്വാമിയെ വൈസ് പ്രസിഡന്റ് എന്നാണ് വിശേഷിപ്പിച്ചത്.
തന്റെ പ്രസംഗത്തില്‍ ട്രംപുമായി വളരെക്കാലം പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്ന് വിവേക് രാമസ്വാമി സൂചിപ്പിക്കുകയും ചെയ്തു.
അയോവ കോക്കസ് തെരഞ്ഞെടുപ്പിന് ശേഷം വിവേക് രാമസ്വാമി തന്നെ വിളിച്ചപ്പോള്‍ ശരിക്കും ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നതായും ട്രംപ് പറഞ്ഞു. അദ്ദേഹം തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്നും ഇനി തങ്ങളോടൊപ്പം വളരെക്കാലം പ്രവര്‍ത്തിക്കുമെന്നും മുന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഈ പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് രാമസാമിയുടെ പേര് ട്രംപ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നാണെന്ന് രാഷ്ട്രീയ രംഗത്ത് ശക്തമായ ഊഹാപോഹമുണ്ട്.
തന്റെ വൈസ് പ്രസിഡന്റിനെ താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയില്ല. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി തനിക്കെതിരെ മത്സരിക്കുന്ന ഒരാളെ തെരഞ്ഞെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്ന നിക്കി ഹേലിയുടെ മാതാപിതാക്കള്‍ യു. എസ് പൗരന്മാരല്ലാത്തതിനാല്‍ അമേരിക്കന്‍ പ്രസിഡന്റാകാന്‍ അവര്‍ യോഗ്യയല്ലെന്ന നിലപാടായിരുന്നു ട്രംപിനുണ്ടായിരുന്നത്. എന്നാല്‍ ഒഹായോയിലെ സിന്‍സിനാറ്റിയില്‍ ഇന്ത്യന്‍ ഹിന്ദു കുടിയേറ്റ മാതാപിതാക്കള്‍ക്ക് ജനിച്ച രാമസ്വാമിക്കും ഇത് ബാധകമാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നുള്ള തമിഴ് സംസാരിക്കുന്ന ബ്രാഹ്‌മണരാണ്. പക്ഷേ, നിക്കിഹേലിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ വിവേക് രാമസ്വാമിയുടെ നേരെയെത്തുമ്പോള്‍ ട്രംപ് മലക്കം മറിയുമെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ വിശദമാക്കുന്നത്.