തിരുവനന്തപുരം - നവകേരള സദസ്സിലെ പോലീസ് രാജിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയതിന് കേസെടുത്ത് ജയിലിലടച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഉൾപ്പെടെ നാലു കേസുകളിലാണ് രാഹുലിന് ജാമ്യം ലഭിച്ചത്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യം ജാമ്യം അനുവദിച്ചത്. പിന്നാലെ ഡി.ജി.പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലും ജാമ്യം ലഭിച്ചു. രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ രാഹുലിന് നടപടിക്രമം പൂർത്തിയാക്കി ഇന്നുതന്നെ ജയിൽ മോചിതനാകും. ജനുവരി ഒൻപതിന് പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പൊതുമുതൽ നശിപ്പിച്ചതിന് കോടതി നിർദേശിച്ച തുക കെട്ടിവെക്കണം എന്നതുൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.