കൊച്ചി - എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനെ വിദ്യാർത്ഥി മർദ്ദിച്ചു. അറബിക് ഡിപ്പാർട്ടുമെന്റ് തലവൻ നിസാമുദ്ദീനെയാണ് മർദ്ദിച്ചത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാം വർഷ ബി.എ അറബിക് വിദ്യാർത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. തന്നെ പിറകിൽനിന്ന് കൈയേറ്റം ചെയ്തശേഷം മൂർച്ചയുള്ള വസ്തുകൊണ്ട് കുത്തുകയാണുണ്ടായതെന്ന് അധ്യാപകൻ പറഞ്ഞു. ആക്രമണം നടത്തിയ വിദ്യാർത്ഥിയുടെ രണ്ടാംവർഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീൻ. ഇന്റേണൽ മാർക്കും ഹാജറുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ഹാജർ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നതായി അധ്യാപകൻ വെളിപ്പെടുത്തി.