പാലക്കാട് - അട്ടപ്പാടി കോട്ടത്തറ ആദിവാസി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ മുന്‍ സൂപ്രണ്ട് ഡോ.ആര് പ്രഭുദാസിന്റെ കാലത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ മറപിടിച്ചാണ് േരണ്ട് കോടി 99 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് അതിന് പണം ചെലവായതായി കാണിക്കുകയായിരുന്നു. നഷ്ടം മെഡിക്കല്‍ ഓഫീസറില്‍ നിന്ന് ഈടാക്കാനാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഗര്‍ഭിണികള്‍ക്ക് ജ്യൂസ് അടിച്ചു കൊടുക്കുന്നതിന് പഴവര്‍ഗങ്ങള്‍ വാങ്ങിയെന്ന് രേഖയുണ്ടാക്കി മാത്രം അരലക്ഷത്തോളം രൂപയാണ് തട്ടിയത്.
ഇല്ലാത്ത കൂട്ടിരിപ്പുകാരുടെ പേരില്‍ 7,84000 രൂപയാണ് എഴുതി നല്‍കിയത്. 4,40490 രൂപയാണ് എക്സ്റേ എടുത്തു നല്‍കിയെന്ന വ്യാജേന തട്ടിയത്. ഇല്ലാത്ത രോഗികള്‍ക്ക് വസ്ത്രം വാങ്ങി നല്കിയ വകയില്‍ അര ലക്ഷം ചെലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുനിന്ന് ഡോക്ടറെ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയാണ് നല്‍കിയത്. ഡോ. പ്രഭുദാസില്‍ നിന്നും വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ലെങ്കിലും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം ഫണ്ട് ചെലവഴിച്ചത് ആദിവാസികള്‍ക്ക് വേണ്ടിയാണെന്നും വ്യക്തിപരമായി ഒന്നും ചെയ്തില്ലെന്നുമാണ് ഡോ.പ്രഭുദാസ് പറയുന്നത്.