Sorry, you need to enable JavaScript to visit this website.

ഒറ്റ ബോംബിംഗില്‍ കുടുംബത്തിലെ 12 പേരെ കൊന്നു; ഇസ്രായില്‍ ഭക്ഷണവും ആയുധമാക്കുന്നുവെന്ന് യു.എന്‍

ഗാസ- അന്താരാഷ്ട സമ്മര്‍ദവും, ലോക കോടതിയിലെ കേസുമൊന്നും വകവെക്കാതെ ഗാസയില്‍ കൂട്ടക്കശാപ്പ് തുടര്‍ന്ന് ഇസ്രായില്‍. റഫായില്‍ തിങ്കളാഴ്ച രാത്രി ഒരു വീടിന് മുകളില്‍ ബോംബിട്ട് കുടുംബത്തിലെ കുട്ടിടകളടക്കം 12 പേരെയാണ് വധിച്ചത്. 24 മണിക്കൂറിനിടെ 154 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24,285 ആയി. പരിക്കേറ്റവര്‍ 61,154.
ഗാസയിലെ ആശുപത്രികളെല്ലാം ആക്രമണങ്ങളില്‍ തകരുകയോ ഭാഗികമായി തകരുകയോ ചെയ്തതിനാല്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. ഗാസയിലേക്ക് പുറത്തുനിന്ന് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള നിയന്ത്രണവും ഇസ്രായില്‍ തുടരുകയാണ്. ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുകയാണെന്നും ഇസ്രായില്‍ ഭക്ഷണവും ആയുധമാക്കുകയാണെന്നും യു.എന്‍ പ്രതിനിധികള്‍ പറഞ്ഞു. ഗാസയിലെ ജനങ്ങളെ കൃഷിഭൂമിയിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല. പുറത്തുനിന്നുള്ള ഭക്ഷണം വരവിലെ തടയുകയാണ്. ഗാസയിലെ ഓരോ മനുഷ്യനും വിശന്നും ദാഹിച്ചുമാണ് കഴിയുന്നതെന്ന് അവര്‍ പറഞ്ഞു.
ഗാസയില്‍നിന്ന് തെക്കന്‍ ഇസ്രായിലിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തിയെങ്കിലും ആളപായമില്ല. ഗാസ സിറ്റിയില്‍ ഇസ്രായില്‍ സൈനിക വാഹനം ആക്രമിച്ചതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസാം ബ്രിഗേഡ് അറിയിച്ചു. ശത്രുസേനയുമായി ക്ലോസ്ഡ് റേഞ്ചില്‍ ഏറ്രുമുട്ടിയെന്നും നിരവധി സൈനികരെ വധിക്കുകയും പരിക്കേല്‍പ്പിക്കുയും ചെയ്തുവെന്നും അല്‍ഖസാം ബ്രിഗേഡ് അവകാശപ്പെട്ടു. ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് മിലീഷ്യയും അവകാശപ്പെട്ടു.
അതിനിടെ, ചെങ്കടലില്‍ ഗ്രീക്ക് കപ്പല്‍ ആക്രമിച്ചുവെന്ന് ഹൂത്തികള്‍ വെളിപ്പെടുത്തി. വിയറ്റ്‌നാമില്‍നിന്ന്് ഇസ്രായിലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ എന്ന കപ്പലിനുനേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. കപ്പലില്‍ 24 ജീവനക്കാരുണ്ട്. മാള്‍ട്ടയുടെ പതാകയുള്ള കപ്പലിന്റെ ഉടമകള്‍ ഗ്രീക്ക് കമ്പനിയാണ്. ചെങ്കടലില്‍ തെക്കുനിന്ന് വടക്കോട്ട് നീങ്ങുകയായിരുന്ന കപ്പലിനുമേല്‍ മിസൈല്‍ ആക്രമണമുണ്ടായതായി മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് കമ്പനിയായ ആംബ്രേ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്ര തുടരുകയാണെന്നും ആംേ്രബ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു അമേിക്കന്‍ കപ്പല്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. യു.എസ്, ബ്രിട്ടീഷ് പോര്‍വിമാനങ്ങള്‍ യെമനിലെ ഹൂത്തി താവളങ്ങളില്‍ ബോംബാക്രമണം നടത്തിയശേഷമായിരുന്നു ഈ രണ്ട് ആക്രമങ്ങളും. ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണം തുടരുവോളം ഇസ്രായില്‍ ബന്ധമുള്ള കപ്പലുകളെ ചെങ്കടലില്‍ ആക്രമിക്കുമെന്നാണ് ഹൂത്തികള്‍ താക്കീത് നല്‍കുന്നത്.
ഗാസയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, അല്‍ജസീറയുടെ ബ്യൂറോ ചീഫുമായ വായില്‍ ദഹ്ദൂ, അവശേഷിക്കുന്ന കുടുംബാംഗങ്ങളുമായി ഇന്നലെ ഗാസ വിട്ടു. റഫാ അതിര്‍ത്തി ക്രോസിംഗ് വഴി ഈപ്തിലെത്തിയ അദ്ദേഹം ഖത്തറില്‍ പോയി ചികിത്സ നേടും. വായില്‍ ദഹ്ദൂവിന്റെ ഭാര്യയും മക്കളും പേരക്കുട്ടിയുമടക്കമുള്ള കുടുംബാംഗങ്ങള്‍ ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വായില്‍ ദഹ്ദൂവിന് പരിക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒരു മകനും മാധ്യമപ്രവര്‍ത്തകനുമായ ഹംസ കഴിഞ്ഞയാഴ്ച മറ്റൊരു ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഫലസ്തീന്‍ വിഷയത്തിന് സമ്പൂര്‍ണ പരിഹാരമുണ്ടാവാത ഗാസയില്‍ പുനര്‍നിര്‍മാണത്തിന് അറബ് രാജ്യങ്ങള്‍ തയാറാവില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സി.എന്‍.ബി.സിയോട് പറഞ്ഞു. ഇപ്പോഴത്തെ യുദ്ധം കഴിഞ്ഞ് ഗാസയില്‍ പുനര്‍ നിര്‍മാണം നടത്തുന്നത് കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും അവയെല്ലം തകര്‍ത്ത് നിരപ്പാക്കാനും, പിന്നെയും പുനര്‍ നിര്‍മാണത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെടാനുമാകരുതെന്നാണ് അറബ് രാജ്യങ്ങളുടെ നിലപാടെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഇസ്രായില്‍ ഗാസയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് യു.എസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് പറഞ്ഞു.
അതിനിടെ, ഇസ്രായിന് പിന്തുണ നല്‍കുന്ന ജര്‍മനിയുടെ നിലപാടിനെതിരെ പ്രതിഷേധം കനക്കുകയാണ. സ്‌ട്രൈക് ജര്‍മനി എന്ന പേരില്‍ നടക്കുന്ന മാസ് പെറ്റീഷന്‍ കാമ്പയിനില്‍ നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് സാഹിത്യകാരി ആനി എര്‍ണായും ഒപ്പിട്ടു. ജര്‍മനി ഇസ്രായില്‍ ആക്രമണത്തെ അനുകൂലിക്കുന്ന നിലപാട് തിരുത്തുംവരെ അവിടെ നടക്കുന്ന എല്ലാ മേളകളും ആഘോഷങ്ങളും ബഹിഷ്‌കരിക്കാനാണ് പ്രതിഷേധക്കാരുടെ ആഹ്വാനം.

ഈ വാർത്തകൾ കൂടി വായിക്കുക

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

 

Latest News