കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ 2024 ഹജിന് പോകാനായി ഓൺലൈനായി ലഭിച്ചത് 24,733 ഹജ് അപേക്ഷകൾ.ഹജ് അപേക്ഷ സമർപ്പണം ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.അപേക്ഷകരിൽ 1266 പേർ 70 വയസ് വിഭാഗത്തിലും, 3585 പേർ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റം ഇല്ലാത്ത) വിഭാഗത്തിലും, 19,882 പേർ ജനറൽ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓൺലൈൻ രജിസ്ട്രേഷനിലെ അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് അന്തിമ പട്ടിക പുറത്തുവിടുക.ഹജ് അപേക്ഷകളിലെ നറുക്കെടുപ്പ് ഈമാസം അവസാനത്തിൽ നടക്കും.30,31 തിയതികളിൽ നറുക്കെടുപ്പ് നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.
അപേക്ഷകളിൽ 23,111 പേർക്ക് അവരുടെ രജിസ്ട്രേഡ് കവർ നമ്പറുകൾ ഇതിനകം നൽകിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷനെ എസ്.എം.എസ്. ആയാണ് അറിയിക്കുന്നത്. ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാനാകും.കവർ നമ്പറിന് മുന്നിൽ 70 വയസ് വിഭാഗത്തിന് കെ.എൽ.ആർ എന്നും, വിതൗട്ട് മെഹറത്തിന് കെ.എൽ.ഡബ്ലിയു.എം എന്നും ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമാണുണ്ടാകുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച 1500 ഓളം അപേക്ഷകൾക്ക് കൂടിയാണ് സൂക്ഷ്മ പരിശോധന നടത്തി ഇനി കവർ നമ്പറുകൾ നൽകാനുള്ളത്.ഇത് 18നകം പൂർത്തിയാകും.ഓൺലൈൻ അപേക്ഷ പൂർണ്ണമായി സബ്മിറ്റ് ചെയ്തിട്ടും കവർ നമ്പർ ലഭിക്കാത്തവർ അവരുടെ അപേക്ഷാ ഫോറം, യൂസർ ഐ.ഡി. എന്നിവ സഹിതം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം ഹജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.ഇതിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ലെന്ന് സംസ്ഥാന ഹജ് കമ്മറ്റി ഓഫിസ് അറിയിച്ചു.