- ചെറിയാൻ ഫിലിപ്പും എം.കെ രാഘവനും ഷാഫി പറമ്പിലും ഉൾപ്പെടെ രാഷ്ട്രീയകാര്യ സമിതിയിൽ പത്തിലേറെ പുതുമുഖങ്ങൾ
- വനിതാ പ്രാതിനിധ്യം ഒന്നിൽനിന്ന് നാലായി ഉയർത്തി
- നേട്ടം കെ.സി വേണുഗോപാൽ പക്ഷത്തിന്
ന്യൂഡൽഹി - കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി എ.ഐ.സി.സി നേതൃത്വം പുനഃസംഘടിപ്പിച്ചു. നേരത്തെയുണ്ടായിരുന്ന 23 അംഗ സമിതി 36 അംഗങ്ങളായി ഉയർത്തിയ നേതൃത്വം വനിതാ പ്രാതിനിധ്യവും കൂട്ടി. എ.ഐ.സി.സി പ്രവർത്തക സമിതി അംഗം ശശി തരൂരിനെ പുതുതായി സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ മുതിർന്ന നേതാവ് എ.കെ ആന്റണിയെ സമിതിയിൽനിന്ന് ഒഴിവാക്കി. പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് നേരത്തെ സമിതിയിൽനിന്ന് രാജിവെച്ച വി.എം സുധീരനെ പുതിയ സമിതിയിൽ വീണ്ടും ഉൾപ്പെടുത്തിയപ്പോൾ പാർട്ടി യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നിലനിർത്തുകയും പാർട്ടിയിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിനെ സമിതിയിൽ പരിഗണിക്കുകയും ചെയ്തു. ഒപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയ ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവർക്ക് പുതുതായി ഇടം ലഭിക്കുകയുമുണ്ടായി.
വനിതകളിൽനിന്ന് നേരത്തെ ഷാനിമോൾ ഉസ്മാൻ മാത്രമായിരുന്നുവെങ്കിൽ പുതിയ സമിതിയിൽ പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി എന്നിവരെക്കൂടി ഉൾപ്പെടുത്തി വനിതാ സാന്നിധ്യം വർധിപ്പിച്ചു.
ഇവരാണ് പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ
കെ സുധാകരൻ, വി.ഡി സതീശൻ, ശശി തരൂർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എം.എം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, പി.ജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, എം.കെ രാഘവൻ, ആന്റോ ആന്റണി, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, പി.സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി സിദ്ദീഖ്, എ.പി അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം.ജോൺ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വി.എസ് ശിവകുമാർ, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ശൂരനാട് രാജശേഖരൻ, പി.കെ ജയലക്ഷ്മി, ജോൺസൺ അബ്രഹാം.