Sorry, you need to enable JavaScript to visit this website.

വിവാദം അനുഗ്രഹമാകുമോ? യു.എ.ഇയില്‍ നിന്നുള്ള സഹായം 700 കോടി കവിഞ്ഞേക്കും

ന്യൂദൽഹി- കേരളത്തിന് വേണ്ടി യു.എ.ഇ സമാഹരിക്കുന്ന സഹായധനം 700 കോടി രൂപ കവിയുമെന്ന് റിപ്പോർട്ട്. ഖലീഫ ഫൗണ്ടേഷൻ വഴിയാണ് തുക കൈമാറുക. റെഡ്ക്രസന്റ് വലിയൊരു തുക തന്നെ കേരളത്തിലെ ദുരിതാശ്വാസത്തിനായി സമാഹരിക്കുന്നുണ്ട്. യു.എ.ഇ ടെലികോം കമ്പനികളായ ഇത്തിസലാത്ത്, ഡു എന്നിവ വഴി 100, 200 ദിർഹം വീതം സഹായം നൽകാനുള്ള സംവിധാനം റെഡ്ക്രസന്റ് ഒരുക്കിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള പ്രവാസി വ്യവസായികളും ഖലീഫ ഫൗണ്ടേഷന് വൻതുക നൽകുന്നുണ്ട്. 

വാഗ്ദാനം ചെയ്ത 700 കോടി രൂപയെച്ചൊല്ലി വിവാദവും അവ്യക്തതയും തുടരുമ്പോൾ സഹായം നൽകുമെന്ന കാര്യം യു.എ.ഇ ആവർത്തിച്ചിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇയുടെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ചെങ്കിലും പിന്നീട് വിദേശരാജ്യത്തുനിന്നു ദുരിതാശ്വാസത്തിനായി ധനസഹായം സ്വീകരിക്കാനാകില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. അതിനിടെയാണ് കേരളത്തിനുള്ള ധനസഹായം എത്ര രൂപയാണെന്നു വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹമ്മദ് അൽബന്ന പറഞ്ഞത്. 

വിദേശ സഹായം സ്വീകരിക്കാനാകില്ലെന്നത് യു.പി.എ സർക്കാരിന്റെ കാലം മുതൽ ഇന്ത്യ പിന്തുടരുന്ന അലിഖിത നയമാണെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്. കേരളത്തിന് വാഗ്ദാനം ചെയ്ത വൻതുക കേന്ദ്രം ഇടപെട്ടു മുടക്കിയെന്നാരോപിച്ച് വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. 
അംബാസഡറുടെ വെളിപ്പെടുത്തലോടെ 700 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നത് വ്യാജനിർമിതിയാണെന്ന തരത്തിലാണ് ഇപ്പോൾ വ്യാപക പ്രചാരണം നടക്കുന്നത്. കേരളത്തെ സഹായിക്കുമെന്നും എന്നാൽ, എത്ര തുക നൽകണം എന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്നും ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തോടാണ് യു.എ.ഇ അംബാസഡർ പറഞ്ഞത്. ഇന്ത്യാ ടുഡേ ചാനലിനോടും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.

പ്രളയക്കെടുതി വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് എത്ര സഹായം വേണ്ടിവരുമെന്ന് വിലയിരുത്തി വരികയാണ്. ഇത് പൂർത്തിയാകാത്തതിനാൽ തന്നെ തുക പ്രഖ്യാപിച്ചിട്ടില്ല- അംബാസഡർ പറഞ്ഞു. 700 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നില്ല എന്നാണോ അർഥമാക്കുന്നതെന്ന ചോദ്യത്തിന് പ്രഖ്യാപിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും അടിയന്തര സമിതി രൂപീകരിച്ചിട്ടുണ്ട്. കേരളീയർക്ക് ആവശ്യമായ ധനസഹായവും ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും നൽകുന്നതിന് വേണ്ടിയാണിത്. ഇന്ത്യയുടെ വിദേശ, സാമ്പത്തിക നയങ്ങൾ അറിയാവുന്നതിനാൽ ഈ കമ്മിറ്റി ഫെഡറൽ അതോറിറ്റിയുമായി കൂടിയാലോചിക്കുന്നുണ്ട്. ഭക്ഷണം ഉൾെപ്പടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനായി പ്രാദേശിക അതോറിറ്റികളുമായും ബന്ധപ്പെടുന്നുണ്ട്. യു.എ.ഇയിലെ റെഡ്ക്രസന്റുമായും ഇന്ത്യയിലേയും കേരളത്തിലെയും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കേരളത്തിന് സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല ഈ കമ്മിറ്റിക്കാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് ധാരാളം സഹായം എത്തുന്നുണ്ട്. ലോകത്തിന് മാനുഷിക സഹായങ്ങൾ നൽകുന്നതിൽ യു.എ.ഇ എന്നും മുൻനിരയിൽ നിൽക്കുന്നുവെന്നും അംബാസഡർ പറഞ്ഞു.

കേരളത്തിനായി 700 കോടി രൂപ യു.എ.ഇ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതു മുതൽ അനൗദ്യോഗികമായി കേന്ദ്ര സർക്കാരും ബി.ജെ.പി നേതാക്കളും കടുത്ത എതിർപ്പാണ് ഉയർത്തിയിരുന്നത്. കേരളത്തിന് യു.എ.ഇ ഒന്നും തരാമെന്ന് പറഞ്ഞിട്ടില്ലെന്നു പറഞ്ഞായിരുന്നു ഇന്നലെ ട്വിറ്ററിലെ ആക്രമണം. 

Latest News