പാരീസ്- കേരളം കണ്ട മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി ദുരന്തത്തിൽപെട്ടവരെ രക്ഷിച്ച താനൂർ സ്വദേശി ജൈസലിന്റെ വീരകൃത്യം ജർമൻ ചാനലിലും. യൂറോ ന്യൂസ് എന്ന ചാനലാണ് ജൈസലിനെ പറ്റിയുള്ള ഫീച്ചർ പ്രക്ഷേപണം ചെയ്തത്.
മലപ്പുറം ട്രോമാ കെയർ വളണ്ടിയർ കൂടിയായ ജൈസൽ വേങ്ങരയിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് വെള്ളത്തിൽ കമിഴ്ന്ന് കിടന്ന് തന്റെ മുതുക് ചവിട്ടുപടിയാക്കിയത്. രക്തസ്രാവമുള്ള സ്ത്രീകൾ കൂട്ടത്തിലുണ്ടായിരുന്നുവെന്നും അവർക്ക് കാൽ ഉയർത്താൻ പറ്റാത്തത് കൊണ്ടാണ് വെള്ളത്തിൽ കിടന്നത് എന്നും ജൈസൽ പിന്നീട് വ്യക്തമാക്കിയിരുന്നു. താനൂർ ചാപ്പപടിയിലെ ആവോൽ ബീച്ചിലാണ് ജൈസലും ഭാര്യ ജസീറയും ജിർവാൻ, ജിഫ മോൾ, ജുബി മോൾ എന്നീ മക്കളും കഴിയുന്നത്.