പൂനെ- രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ചടങ്ങായ 'ശിലന്യാസ്' നടത്തിയതെന്നും ഇക്കാര്യത്തിൽ ബി.ജെ.പിയും ആർ.എസ്.എസും രാഷ്ട്രീയം കളിക്കുകയാണെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് ശരദ് പവാർ. കർണാടകയിലെ നിപാനിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ശരദ് പവാർ.
രാജീവ് ഗാന്ധിയുടെ കാലത്താണ് ശിലാന്യാസം നടത്തിയത്, എന്നാൽ ഇന്ന് ബി.ജെ.പിയും ആർ.എസ്.എസും ശ്രീരാമന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും പവാർ വ്യക്തമാക്കി.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 11 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നതിനെ കുറിച്ചും പവാർ വ്യക്തമാക്കി. രാമനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാനാണ് അദ്ദേഹം ഉപവാസം ആചരിക്കാൻ തീരുമാനിക്കുന്നതെങ്കിൽ ആളുകൾ അതിനെ അഭിനന്ദിക്കുമായിരുന്നുവെന്നും പവാർ പറഞ്ഞു.