ലണ്ടൻ- ദമ്പതികൾ മരിച്ചതിനെ തുടർന്ന് കയ്‌റോയിലെ ഹോട്ടലിൽനിന്ന് വിനോദസഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു. തങ്ങളുടെ കീഴിലെത്തിയ 301 പേരെ അക്വ മാജിക് ഹോട്ടലിൽനിന്ന് ഒഴിപ്പിച്ചതെന്ന് പ്രമുഖ ട്രാവൽ ഏജന്റായ തോമസ് കുക്ക് അറിയിച്ചു. ഹോട്ടലിൽ താമസിക്കുകായിരുന്ന ജോൺ കൂപ്പർ(69) ഭാര്യ സൂസൻ കൂപ്പർ(63)എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ഇവരുടെ മരണകാരണം ഇതേവരെ വ്യക്തമായിട്ടില്ല. അച്ഛനും അമ്മക്കും ആരോപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇവരുടെ മകൾ പറഞ്ഞു. അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും സമയം ലഭിച്ചില്ല. മുറിയുടെ വാതിലിന് മുന്നിൽ വീണ് അച്ഛൻ മരിക്കുകയായിരുന്നു. അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർ മരിക്കുകയും ചെയ്തു- മകൾ പറഞ്ഞു.
മരണവിവരം പുറത്തുവന്ന ഉടൻ തന്നെ തങ്ങളുടെ കീഴിലെത്തിയ വിനോദസഞ്ചാരികളെ മുഴുവൻ ഹോട്ടലിൽനിന്ന് ഒഴിപ്പിച്ചത്. മുൻകരുതൽ എന്ന നിലയിലാണ് സഞ്ചാരികളെ ഒഴിപ്പിച്ചതെന്നും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും തോമസ് കുക്ക് പ്രസ്താവനയിൽ അറിയിച്ചു. ടൂറിസം മേഖലയിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്ന ഈജിപ്തിന് തിരിച്ചടിയായാണ് ഈ സംഭവം വിലയിരുത്തുന്നത്.
സ്വാഭാവികമരണമാണെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ ദുഃഖമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.