Sorry, you need to enable JavaScript to visit this website.

സൗദിയുമായി സാമ്പത്തിക ബന്ധം ശക്തമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നു- അംബാസഡർ

സൗദിയിലെ ഇറാൻ അംബാസഡർ അലി രിദാ ഇനായത്തിയും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റ് ഹസൻ അൽഹുവൈസിയും റിയാദിൽ ചർച്ച നടത്തുന്നു. 

റിയാദ് - സൗദി അറേബ്യയുമായി സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും വാണിജ്യ വിനിമയം ഉയർത്താനും നിക്ഷേപം വർധിപ്പിക്കാനും ഇറാൻ ആഗ്രഹിക്കുന്നതായി സൗദിയിലെ ഇറാൻ അംബാസഡർ അലി രിദാ ഇനായത്തി പറഞ്ഞു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റ് ഹസൻ അൽഹുവൈസിയുമായി നടത്തിയ കൂടിക്കാഴ്ചക്കും ചർച്ചക്കുമിടെയാണ് സൗദി അറേബ്യയുമായി സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി അംബാസഡർ വ്യക്തമാക്കിയത്. സൗദി അറേബ്യയും ഇറാനും തമ്മിൽ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണം സാധ്യമാക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അലി രിദ ഇനായത്തി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ, നിക്ഷേപ സഹകരണവും വ്യവസായികളുടെ സന്ദർശനങ്ങളും പുനരാരംഭിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനാണ് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റുമായി ഇറാൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയത്. 
ഭീമമായ വിദേശ വ്യാപാരം നടത്തുന്ന ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ വാണിജ്യ വിനിമയം നിലവിലില്ല. 2022 ൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരം 601.1 ബില്യൺ ഡോളറും ഇറാന്റെ വിദേശ വ്യാപാരം 132.6 ബില്യൺ ഡോളറുമായിരുന്നു. വാണിജ്യ വിനിമയം പുനരാരംഭിക്കാനും ഈ മേഖലയിൽ സഹകരണം ശക്തമാക്കാനും നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. 
നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയും നേരത്തെ ഒപ്പുവെച്ച കരാറുകൾ നടപ്പാക്കിയും സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കണമെന്ന് ഇറാൻ അംബാസഡറും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റും പറഞ്ഞു. ഇരു രാജ്യങ്ങളിലും ലഭ്യമായ അവസരങ്ങൾക്കും രണ്ടു രാജ്യങ്ങളുടെയും വിദേശ വ്യാപാരത്തിനും അനുയോജ്യമായ നിലക്ക് ഉഭയകക്ഷി വാണിജ്യ വിനിയമം ഉയർത്താനും വാണിജ്യ സംഘങ്ങളുടെ പരസ്പര സന്ദർശനത്തിനും വ്യവസായ മേഖലകൾ തമ്മിൽ വിജയകരമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. സൗദിയിലും ഇറാനിലുമുള്ള വിദേശ നിക്ഷേപ അവസരങ്ങളും വിദേശ നിക്ഷേപകർക്ക് നൽകുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ സൗദി, ഇറാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.

Latest News