ലണ്ടൻ- മുസ്‌ലിം ബ്രദർഹുഡിനെ പോലെയാണ് ആർ.എസ്.എസ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ രാഹുൽ മാധ്യമങ്ങളുമായും അക്കാദമിക് വിദഗ്ധരുമായും സംവദിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയുടെ സ്വഭാവം മാറ്റാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇന്ത്യയുടേതായ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. മറ്റൊരു സംഘടനയും അതിന് മുതിരുന്നില്ല. തങ്ങളുടെ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുകയും മറ്റുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് ആർ.എസ്.എസ് രാജ്യത്തെ കൊണ്ടുപോകുന്നത്. മുസ്‌ലിം ബ്രദർഹുഡും സ്വീകരിക്കുന്ന അതേ രീതി തന്നെയാണിത്. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്ത് വെറുപ്പ് പടർത്തുന്നു. ജനങ്ങളെ ഒരുമിച്ചുകൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനങ്ങൾ ഒരുമിച്ചുനിന്നാൽ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂ. വെറുപ്പുപടർത്തുന്ന ഒരു ഇന്ത്യക്കാരനും ഇല്ലാത്ത രീതിയിൽ രാജ്യത്തെ പരിവർത്തിപ്പിക്കും. ഇതാണ് ഞങ്ങളുടെ സംസ്‌കാരം-രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുലിന് പക്വതയില്ല -ബി.ജെ.പി
ന്യൂദൽഹി- ആർ.എസ്.എസിനെയും മുസ്‌ലിം ബ്രദർഹുഡിനെയും താരതമ്യപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. രാഹുലിന് പക്വതയില്ലെന്നും ഇന്ത്യയെ മനസിലായിട്ടില്ലെന്നും ബി.ജെ.പി വക്താവ് സംപിത് പാത്ര പറഞ്ഞു. മോഡിയോടുള്ള വെറുപ്പാണ് രാഹുലിനെ നയിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനയാണ് നടത്തുന്നത്. മുസ്‌ലിം ബ്രദർഹുഡിനെ നിരവധി മുസ്‌ലിം രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. ഭീകരസംഘടനയായാണ് ബ്രദർഹുഡിനെ കണക്കാക്കുന്നത്. ആർ.എസ്.എസിനെ ബ്രദർഹുഡുമായി താരതമ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ലണ്ടൻ പ്രസ്താവനയിൽ രാഹുൽ മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.