സൗദിയില്‍ പെരുന്നാള്‍ അവധികളില്‍ മാറ്റം; വേറേയും സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

റിയാദ് - സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഈദുല്‍ഫിത്ര്‍, ബലിപെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതികള്‍ വരുത്തി. ഇത്തരം സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകള്‍ക്കും മിനിമം നാലു പ്രവൃത്തി ദിനങ്ങളും പരമാവധി അഞ്ചു പ്രവൃത്തി ദിനങ്ങളും അവധി നല്‍കുന്ന നിലയിൽ ഭരണപരമായ നിയമാവലിയില്‍ ഭേദഗതി വരുത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

തുണി വ്യവസായ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍സ് മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കാന്‍ ദക്ഷിണ കൊറിയയുമായി ഒപ്പുവെച്ച ധാരണാപത്രവും അഴിമതി വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകണത്തിന് മാല്‍ഡീവ്‌സുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. സൗദിയില്‍ ശാഖ തുറക്കാന്‍ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഹജ്, ഉംറ സേവന സമ്മേളനവും എക്‌സിബിഷനും സംഘടിപ്പിക്കാന്‍ ഹജ്, ഉംറ മന്ത്രാലയം നടത്തിയ പ്രയത്‌നങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. തീര്‍ഥാടകരെ സേവിക്കുന്നതില്‍ തുടര്‍ച്ചയായ വികസനവും പുരോഗതിയും ഉറപ്പാക്കുന്ന നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലൂടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമ്മേളനം സഹായിക്കുമെന്ന് മന്ത്രിസഭ പറഞ്ഞു. മൂന്നാമത് ഫ്യൂച്ചര്‍ മിനറല്‍സ് ഫോറത്തിന്റെ ഫലങ്ങള്‍ പ്രശംസനീയമാണ്. ഫോറത്തില്‍ 133 രാജ്യങ്ങള്‍ പങ്കെടുക്കുകയും ഫോറത്തിനിടെ സൗദി അറേബ്യക്കകത്തും വിദേശത്തുമുള്ള സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും തമ്മില്‍ 77 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുകയും ചെയ്തതായി മന്ത്രിസഭ വിലയിരുത്തി.

ഈ വാർത്തകൾ കൂടി വായിക്കുക

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ക്രൂരത, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

സൗദിയില്‍ ജോലി ചെയ്യാതെ വേതനം പറ്റിയത് 16,000 പേര്‍, വെളിപ്പെടുത്തി ഇസ്‌ലാമിക കാര്യ മന്ത്രി

Latest News