ഗ്യാന്‍വാപിയിലെ വുളുഖാന ശുചീകരിക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ വാരണാസി ഗ്യാന്‍വാപി മസ് ജിദിലെ വുളുഖാന (വുളു എടുക്കുന്ന ടാങ്ക്) ശുചീകരിക്കുന്നതിന്  സുപ്രീം കോടതി അനുമതി. 2022 മെയില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയ വുളു ഖാനയിലെ വാട്ടര്‍  ഫൗണ്ടെയിന്‍ ശിവലിംഗമാണെന്ന അവകാശവാദത്തെ തുടര്‍ന്ന്  സുപ്രീംകോടതി ഇത് സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
മസ്ജിദ് പരിസരത്ത് ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്ന  ഹിന്ദു പക്ഷം സമര്‍പ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് വുളു ഖാനെ ശുചീകരിക്കാന്‍ അനുമതി നല്‍കിയത്. ടാങ്ക് വൃത്തിയാക്കാനുള്ള ആവശ്യത്തെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി എതിര്‍ത്തില്ല. വുളുഖാനയില്‍ ചത്ത മത്സ്യങ്ങളുണ്ടെന്നും അതിനാല്‍ അത് വൃത്തിയാക്കണമെന്നുമാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. വാരാണസി ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ തങ്ങളും സമാനമായ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റി  ബഞ്ചിനെ അറിയിച്ചു. ഇതോടെ വാരാണസി ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടത്തണമെന്ന് ഹരജിക്കാരുടെ ആവശ്യത്തില്‍ തീര്‍പ്പാക്കി കോടതി ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷക മാധവി ദിവാനാണ് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായത്. മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ഹാജരായി. മസ്ജിദില്‍ അഭിഭാഷക കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ വുളുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, വുളു ഖാനെയിലെ വാട്ടര്‍ ഫൗണ്ടെയിന്‍ ചൂണ്ടികാണിച്ചാണ് ഈ ആരോപണമെന്ന് മസ്ജിദ് കമ്മിറ്റിയും വ്യക്തമാക്കി. ഇതോടെ വിഷയം പരിഗണിച്ച സുപ്രീംകോടതി 2022 മെയില്‍  ഇത് മുദ്രവെക്കാന്‍ ഉത്തരവിട്ടു.
അതേസമയം, മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള മുസ്‌ലിം കളുടെ അവകാശത്തെ ഈ ഉത്തരവ് തടസ്സപ്പെടുത്തില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മസ്ജിദ് പരിസരത്ത് ആര്‍ക്കോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ പരിശോധന നടത്താനും സുപ്രീംകോടതി  അനുവദിച്ചു. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന ഹിന്ദുപക്ഷത്തിന്റെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഈ നടപടി.

മൈക്കില്‍ അലറിവിളിക്കുന്നതല്ല ആത്മീയത; തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ഉച്ചഭാഷിണി അനുവദിക്കില്ല

പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് കൊല്ലം തുളസിയിൽനിന്ന് ലക്ഷങ്ങൾ തട്ടി, അച്ഛനും മകനും അറസ്റ്റിൽ

അവിശ്വസനീയ ഹാക്കിംഗ്; ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു,അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Latest News