ആദിത്യ-എൽ ഭ്രമണപഥത്തിൽ കയറി അഞ്ചു വർഷം കൊണ്ട് സൂര്യനെ പഠിക്കും എന്ന വാർത്ത പുറത്തു വന്ന ദിവസം തന്നെയാണ് ഇടതുമുന്നണി കൺവീനർ ഇ.പിയുടെ പ്രസ്താവനയും വെളിച്ചം കണ്ടത്. സംഗതി യാദൃഛികമല്ല. മുകളിലെ സൂര്യനും നവകേരളം ഭരിക്കുന്ന സൂര്യനും ചൂട് ഒന്നു തന്നെ എന്ന കാര്യം അജ്ഞാനികൾക്കറിയില്ല. ഇ.പിക്കും എം.വിക്കുമറിയാം. 'അടുക്കരുത്, കരിഞ്ഞു പോകും' എന്ന് കരിങ്കൊടിയുമായി നടക്കുന്ന എതിരാളികളെ അവർ സ്നേഹ ബുദ്ധ്യാ ഉപദേശിക്കുന്നു. മുമ്പ് പാർട്ടിക്കകത്തുള്ളവർ പോലും കരിഞ്ഞു പോയിട്ടുണ്ട്. 27 ലക്ഷം ഫാറെൻഹീറ്റ് ഉള്ളിലും പതിനയ്യായിരം ഡിഗ്രി പുറമേയുമാണ് ദിനകരന്റെ ഉഷ്ണം. കേരളത്തിൽ വരൾച്ചയുണ്ടാകുകയാണെങ്കിൽ സുധാകര ഗുരുക്കൾക്ക് മറ്റു കാരണങ്ങൾ അന്വേഷിച്ച് അലയേണ്ടി വരില്ല. 2018 മുതൽ തുടർന്ന രണ്ടു പ്രളയങ്ങളിലും സംസ്ഥാനം രക്ഷപ്പെട്ടതിന്റെ 'കാരണഭൂതൻ' മുഖ്യമന്ത്രിയല്ലാതെ മറ്റാരുമല്ലെന്നതിന് വേറെ സാക്ഷ്യങ്ങൾ വേണ്ട. ഈ വിഷയത്തിൽ ഒരു പ്രബന്ധം ഇ.പിയോ എം.വിയോ ഒരു യൂനിവേഴ്സിറ്റിക്കു സമർപ്പിച്ചാൽ ഡോക്ടറേറ്റ് കിട്ടും; ഗവർണർ ഉടക്കിടാതെ നോക്കണമെന്നു മാത്രം. ഘടക കക്ഷികളും കൊച്ചു കൊച്ചു പോഷക സംഘടനകളും കഴിയുന്നത്ര അകലം പാലിച്ചു നിൽക്കണമെന്ന ധ്വനി പ്രയോഗവും ആ 'സൂര്യതേജസ്സ്' സിദ്ധാന്തത്തിൽ കുടികൊള്ളുന്നു. കർഷകരെ കരിച്ചുകളയുന്ന സൂര്യനാണെന്ന് അമേരിക്കയിലിരുന്നുകൊണ്ട് 'റിമോട്ട്' വഴി സുധാകര ഗുരുക്കൾ ഒരു തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. 'ചോര ചെങ്കതിരോൻ' വാദവുമായി പാടി നടന്ന പി. ജയരാജൻ സഖാവ് ഇന്ന് ഖാദി ബോർഡ് ആപ്പീസിനുള്ളിൽ ടി ചൂടേൽക്കാതെ ഒഴിഞ്ഞു കഴിയുന്ന കാര്യം മറക്കരുത്. കർഷകർ ആത്മഹത്യ ചെയ്യുന്ന കണ്ണൂർ, ഇടുക്കി, തൃശൂർ ദേശങ്ങളിൽ കാരണഭൂതൻ നവകേരള വണ്ടിക്കകത്തു സുരക്ഷിതനായി കഴിഞ്ഞുവെന്ന് അസൂയാലുക്കൾ ഇന്നും പാടി നടക്കുന്നു. അവർ ചെയ്യുന്നതെന്തെന്ന് അവരോ മറ്റു നേതാക്കളോ അറിയുന്നില്ല. 'ന്യൂജെൻ തലകൾ'ക്ക് അതിൽ ഒട്ടു താൽപര്യവുമില്ല.
**** **** ****
മുൻ അഖിലേന്ത്യ ദേശീയ പാർട്ടി 2024 ലെ ലോക്സഭയെ ലാക്കാക്കി കേരളത്തിൽ തെരഞ്ഞെടുപ്പു സമിതി രൂപീകരിച്ചു. അത്യാഹിതമൊന്നും സംഭവിച്ചില്ല. കോംപ്രമൈസിനായി 'സിസേറിയ'നും വേണ്ടിവന്നില്ല. എം.പിമാരുൾപ്പെടെ 33 അംഗങ്ങൾ. ഭാരം പോരാഞ്ഞിട്ട് യൂത്തും പിള്ളേരുമുൾപ്പെടെ നാല് എക്സ്- ഒഫിഷ്യോകളും കൂടിയായി. ഇനി കൂടിയാട്ടം ബാക്കി. പുറമേ നിന്ന് ഒരു പുതുമുഖത്തിന് എത്തിനോക്കണമെങ്കിൽ വരുന്ന 2031 ലെത്തണം. ഘടക കക്ഷികളുടെ ആട്ടും ചവിട്ടുമേറ്റ ശേഷം കിട്ടുന്ന 12 സീറ്റുകൾ ടി സമിതിക്ക് ഭക്ഷിക്കാൻ തികയില്ല. തരൂർ തലസ്ഥാനത്തും മുരളീധരൻ വടകരയിലും കുരങ്ങന്മാർ അപ്പം പങ്കുവെയ്ക്കുന്നിടത്ത് കുറുനരികൾ എത്തുന്നതുപോലെ ഇന്ദിരാഭവന് വീണ്ടും ഘോരവനം. ചുരുക്കത്തിൽ സൂര്യന്റെ 'ആന്തരിക ഭൗമാന്തരീക്ഷത്തിന്റെ (സംഗതി എന്താണാവോ?) അഗ്നിയാണ് 'ഭവാന്റെ'യുള്ളിൽ എന്നു പറഞ്ഞാൽ ഒട്ടും അധികമല്ല. മാടമ്പിമാർ, അവരുടെ മച്ചമ്പിമാർ, വൈദ്യന്മാർ, അബ്കാരികൾ, പ്രവാസിക്കുട്ടന്മാർ തുടങ്ങിയവരുടെ ന്യൂജെൻ പിള്ളേർ ജെഴ്സിയണിഞ്ഞും അല്ലാതെയും ഇന്ദിരാഭവന്റെ മുറ്റത്തേക്ക് പറന്നിറങ്ങുന്നു. പ്രസവിച്ചു ശീലിച്ചവർക്കേ അതിന്റെ സുഖമറിയൂ എന്നൊരു പരിഹാര പ്രയോഗം പണ്ടു നാട്ടിൻപുറങ്ങളിൽ കേട്ടിരുന്നു. തെരഞ്ഞെടുപ്പു സമിതികളിലും മത്സരമുറ്റങ്ങളിലും ഇറങ്ങി കളിക്കുന്നവരുടെ സുഖവും അതു തന്നെ. മത്സര ശേഷം പാർട്ടി തോറ്റാലും സ്ഥാനാർഥി തോൽക്കുന്നില്ല എന്നതത്രേ സുഖം! അയൽ സംസ്ഥാനങ്ങളിൽ നിശ്ചയമായും എസ്റ്റേറ്റും ക്വാറിയും ലഭിക്കും. അതിൽപരം ഭാഗ്യം വരാനില്ല. പക്ഷേ, പാലാ കേന്ദ്രീകരിച്ച് ഒരു അഭ്യാസം നടക്കുന്നുണ്ട് എന്നു കേൾക്കുന്നു. ജോസ് കെ. മാണി വലയിൽ വീണാൽ കുരങ്ങന്മാരുടെ അപ്പം പങ്കുവെച്ച കഥയ്ക്ക് പുതിയ ചമൽക്കാരങ്ങൾ വേണ്ടിവരും. കുറച്ചുപേർ അതോടെ 'വെള്ളം കോരി'കളും 'വിറകുവെട്ടി'കളുമായി അവശേഷിക്കും. നാട്ടുകാർ അതും പറഞ്ഞ് 2026 വരെ ചിരിക്കും!
**** **** ****
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി മൂലയ്ക്കിരുത്തി അപമാനിച്ചതിന്റെ പൊരുൾ മനസ്സിലാകാത്തത് അദ്ദേഹത്തിന് മാത്രം. പണ്ടേ ദുർബല, പോരാഞ്ഞിട്ടു ഗർഭിണിയും' എന്നു പറഞ്ഞ പോലാണ് സ്ഥിതി. ഒരു ആറെസ്പി നേതാവിനെ മൂലയ്ക്കിരുത്തുന്നത് ഭരണകക്ഷിക്ക് വലിയ കാര്യമൊന്നുമല്ല. അടുത്ത തവണയും മത്സരിക്കുമെന്നു ശങ്കിക്കുന്നതിനാൽ അപമാനിക്കേണ്ടത് തന്ത്രപരമായി അത്യന്താപേക്ഷിതവും! കൊല്ലത്ത് മാത്രം കാണപ്പെടുന്ന അപൂർവ ഇനമാണ് പാർട്ടി. എം.പിക്കു മറവിരോഗം ബാധിച്ച ലക്ഷണവും കാണുന്നു. കുണ്ടറയിലും കൊല്ലത്തുമൊക്കെ വല്യേട്ടൻ പാർട്ടിയെ മലർത്തിയടിച്ച സംഭവം മറക്കാൻ എൽ.ഡി.എഫിനു കഴിയുമോ? നെവർ! അതോടെയാണ് പാർലമെന്ററി വ്യാമോഹങ്ങൾ അവസാനിപ്പച്ച് എം.എ. ബേബി സഖാവ് ഇ.എം.എസ് സ്റ്റഡി സെന്ററിൽ അഭയം പൂകിയത്. ഇക്കുറി കലോത്സവത്തിന് ശ്രദ്ധേയമായൊരു 'ക്യാമറ' ആംഗിളിൽ പ്രേമൻ പ്രത്യക്ഷപ്പെട്ടാൽ അദ്ദേഹം ലോക്സഭയുടെ ഗോദയിലേക്കിറങ്ങുന്നതിന് 'ഫ്രീ പബ്ലിസിറ്റി'യാകും. അതു വേണ്ട. ആ മുഖം ഒരിടത്തും പതിയാതെ നോക്കേണ്ടത് വല്യേട്ടന്റെയും സൈബർ സഖാക്കളുടെയും കടമയാണ്. അതിനുള്ള ശമ്പളം മാസം തോറും വാങ്ങുന്നുമുണ്ടല്ലോ. അതിനാൽ പ്രേമൻ ക്ഷമിക്കുക; കൊല്ലത്തേക്കു മടങ്ങുക. എതിർ സ്ഥാനാർഥിക്കായി ഇടതുമുന്നണി ആൾ കേരള മാരത്തൺ ഓട്ടത്തിലാണെന്നും അറിയുക.
**** **** ****
ഒരു പാലക്കാടൻ സൗഹൃദം പുതുക്കാൻ കണ്ട വേദി കൊള്ളാം. എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ അവാർഡ് വാങ്ങിയ ശശി തരൂരിന് മിണ്ടാതെ പോക്കറ്റിലിട്ടു മടങ്ങാമായിരുന്നു. എന്തു ചെയ്യാം! 'ഗുരുതുല്യ'നായ ഒ. രാജഗോപാലിനെ വേദിയിലെ മൂലയ്ക്കു കണ്ടുപോയി! പിന്നെ ശങ്കിച്ചില്ല; നേരേ കാലിൽ. നമസ്കാരം കഴിഞ്ഞേ അടങ്ങിയുള്ളൂ. 'രാജേട്ടൻ' എന്നാൽ 'എതിർ പാർട്ടിക്കുള്ള പിന്തുണ' എന്നാണ്. പുതിയ നിഘണ്ടുവിൽ കാണുന്നത്. 2021ൽ നേമം നിയമസഭ മണ്ഡലത്തിൽ നടന്നത് ആരും മറന്നിട്ടില്ല. മറന്നവർ മണ്ണടിഞ്ഞിരിക്കാനും സാധ്യത. കെ. മുരളീധരൻ പേപ്പർ കൊടുത്തുവെന്നു കേട്ടപാടെ, രാജേട്ടൻ അങ്ങോരുടെ രാഷ്ട്രീയ, കുടുംബ, ദേശ, ജാതി, മത വിശ്വാസത്തിനു പുറമെ ഇസ്തിരി ഉടയാത്ത ഖദർ ഷർട്ടിനെപ്പോലും വാഴ്ത്തിപ്പാടി. ഫലം , നേമത്ത് സ്വന്തം പാർട്ടിക്കാരൻ കുമ്മനം ഠിം! ദേ, നിലത്ത്! ജയിച്ചതു ശിവൻകുട്ടി (കക്ഷിക്ക് വിദ്യാഭ്യാസ മന്ത്രിയാകാനുള്ള യോഗം കിടക്കുന്നു; നാട്ടുകാർക്ക് അത് താങ്ങാനുള്ള വിധിയും!) അതോർത്തതോടെ, രാജേട്ടൻ എതിരാളിയല്ലെന്നും സന്ന്യാസിവര്യനാണെന്നും തരൂരിന് വെളിപാടുണ്ടായി, ആനന്ദതുന്ദിലനായി തുള്ളിച്ചാടി. തരൂർ ഒന്നു' തട'യിട്ടതാണെന്ന് അദ്ദേഹത്തെ അറിയുന്നവർക്കറിയാം. അറിയാത്തവർ ഇനിയൊട്ട് അറിഞ്ഞിട്ടു കാര്യവുമില്ല.
പക്ഷേ ഇക്കാര്യത്തിൽ ജയരാജൻ സഖാവ് ചാടി വീണതാണ് അദ്ഭുതകരം! ലോകത്തു നടക്കുന്ന ഏതു സംഭവത്തിലും അദ്ദേഹം പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു! ബി.ജെ.പി-കോൺഗ്രസ് ബാന്ധവമാണ് തരൂരിന്റെ 'നമസ്കാര' സംഭവത്തിൽ അദ്ദേഹം കണ്ടെത്തിയത്. പിണറായിയെ സൂര്യബിംബമായി പ്രഖ്യാപിച്ച ശേഷം സഖാവ് പ്രവേശിച്ചിരിക്കുന്ന പുതിയ ഭ്രമണപഥമാണ് മേൽപടി സഖ്യം. അതു പഠിക്കാൻ ഇ.പിക്ക് അഞ്ചു വർഷം പോയിട്ട്, അഞ്ചു ദിവസം പോലും വേണ്ട. വേണ്ടിവന്നാൽ അടുത്ത പ്രഭാതത്തിൽ തന്നെ ഗവേഷണ ഫലം പ്രസിദ്ധീകരിക്കാനും മടിക്കില്ല.
സഖാവ് ഈയിടെയായി അത്ര ഫാസ്റ്റാണ്; സൂക്ഷിക്കണം!
**** **** ****
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സി.പി.ഐയുടെ വിജയം സുനിശ്ചിതമാണെന്നു ബിനോയ് വിശ്വം. പുത്തൻ സെക്രട്ടറി നല്ല ഫലിത പ്രിയനാണെന്നു വ്യക്തമായി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തന്റെ വിജയം സുനിശ്ചിതമാണെന്നു സി. ദിവാകരൻ സഖാവും പ്രസ്താവിച്ചിരുന്നു. സി.പി.ഐ നിറയെ നർമബോധം വ്യാപിക്കുന്നത് മാത്രമാണ് ഈ കാലത്ത് ഒരാശ്വാസം!