Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ടാണ് രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കാത്തത്, വിശദീകരണവുമായി രാഹുല്‍ ഗാന്ധി

ചിഫോബോസോ(നാഗാലാൻഡ്)- ബി.ജെ.പിയും ആർഎസ്.എസും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ സംഭവമാക്കി മാറ്റിയതിനാൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തന്റെ പാർട്ടി നേതാക്കൾക്ക് ബുദ്ധിമുട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പരിപാടിയാണ്. ബിജെപിയും ആർഎസ്എസും ഇതിന് തിരഞ്ഞെടുപ്പ് ചുവ നൽകുന്നു, അതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബി.ജെ.പിയും ആർ.എസ്.എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ വേദിയാക്കുമ്പോൾ അത്തരം പരിപാടിയിൽ പങ്കെടുക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും രാഹുൽ വ്യക്തമാക്കി. 

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു. സഖ്യ കക്ഷികൾക്കിടയിൽ സീറ്റ് പങ്കിടൽ ചർച്ചകൾ സൗഹാർദ്ദപരമായാണ് നടക്കുന്നത്. മുന്നണിക്കുള്ളിലെ ചർച്ചകൾ സജീവമായി നടന്നുവരികയാണെന്നും രാഹുൽ പറഞ്ഞു. ഇന്നലെ(ചൊവ്വ) മണിപ്പൂരിലെ തൗബാലിൽ ആരംഭിച്ച യാത്ര തിങ്കളാഴ്ച വൈകുന്നേരത്തോടെ നാഗാലാൻഡിലെത്തി. 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6,713 കിലോമീറ്റർ സഞ്ചരിക്കുന്ന ജാഥ ബസുകളിലും കാൽനടയായും മാർച്ച് 20-നോ 21-നോ മുംബൈയിൽ സമാപിക്കും.

Latest News